വെള്ളക്കാരന്‍ എല്ലായ്പോഴും വരേണ്യ വര്‍ഗ്ഗമാകണമെന്നില്ല- ഡച്ച് ആര്‍ട്ടിസ്റ്റ് റെന്‍സോ മാര്‍ട്ടെന്‍സ്

Kochi / August 5, 2025

കൊച്ചി : രാജ്യങ്ങള്‍ നടത്തിയ കോളനിവാഴ്ചയെ അടിസ്ഥാനമാക്കി എല്ലാ വെള്ളക്കാരെയും വരേണ്യവര്‍ഗമായും ധനവാډാരായും ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്ന് വിഖ്യാത ഡച്ച് കലാകാരന്‍ റെന്‍സോ മാര്‍ട്ടെന്‍സ് പറഞ്ഞു. ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് മുന്നോടിയായി തൃപ്പൂണിത്തുറ  ആര്‍എല്‍വി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ കണക്ടിംഗ് മ്യൂസിയംസ് ടു ഗി പ്ലാന്‍റേഷന്‍സ് ദാറ്റ് ഫണ്ടെഡ് ദെം എന്ന വിഷയത്തില്‍ ബിനാലെ ഫൗണ്ടേഷന്‍ നടത്തിയ ലെറ്റ്സ് ടോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ തൊഴിലാളി കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന റെന്‍സോ ചൂണ്ടിക്കാട്ടി. എന്നിട്ടും ഇന്ത്യയിലെ തന്‍റെ സുഹൃത്തുമായുള്ള സംസാരത്തില്‍ ഡച്ച് കോളനിവത്കരണത്തെക്കുറിച്ച് സംസാരിക്കേണ്ടി വരികയും താന്‍ പെട്ടന്ന് ശത്രുപക്ഷത്താവുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ആംസ്റ്റര്‍ഡാം(നെതര്‍ലാന്‍റ്), കിന്‍സാസ(കോംഗോ) എന്നിവിടങ്ങളാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍.
മാര്‍ട്ടെന്‍സിന്‍റെ 'ദി വൈറ്റ് ക്യൂബ്' എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തോടെയാണ് 100 മിനിറ്റ് നീണ്ട സംവാദത്തിന് തുടക്കമിട്ടത്. പല പ്രമുഖ മ്യൂസിയങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതോ നടത്തിപ്പുകാരോ ആയ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ ജോലി ചെയ്യുന്ന താഴ്ന്ന ക്ലാസ്സിലുള്ളവര്‍ സ്വന്തമായി ഭൂമി പോലുമില്ലാതെ തുച്ഛമായ വരുമാനത്തില്‍ ജീവിക്കേണ്ടി വരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊളോണിയല്‍ കാലഘട്ടത്തില്‍ വന്‍കിട ചോക്ലേറ്റ് കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി കൃഷി ചെയ്തിരുന്ന വിശാലമായ തോട്ടങ്ങള്‍ ദരിദ്രരായ തദ്ദേശീയരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയതാണ്. എന്നിട്ടും അവരുടെ മ്യൂസിയങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള നേര്‍കാഴ്ചകള്‍ നല്‍കുന്നു എന്ന്  അവകാശപ്പെടുന്നത് ക്രൂരമായ വൈരുധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊക്കോയ്ക്ക് പുറമെ കാപ്പി, പുകയില തുടങ്ങിയ തോട്ടമുടമകള്‍ക്കും സമാനമായ ചരിത്രമാണുള്ളത്. സ്വിസ് ചോക്ലേറ്റ് ലോകപ്രശസ്തമാണെങ്കിലും ഇന്നും ഒരു ചോക്ലേറ്റ് കഴിക്കുമ്പോള്‍ അല്‍പ്പം കുറ്റബോധം തോന്നാറുണ്ട്. കാരണം, ഈ ഉല്‍പ്പന്നത്തിന് ആവശ്യമായ കൊക്കോയെല്ലാം പശ്ചിമ രാജ്യങ്ങള്‍ കോളനിവല്‍ക്കരിച്ച ദരിദ്ര രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്ന് 51-കാരനായ മാര്‍ട്ടെന്‍സ് ചൂണ്ടിക്കാട്ടി.

ബഹുസ്വരതയെക്കുറിച്ച് ഉറക്കെ പ്രഖ്യാപിക്കുന്ന വികസിതരാജ്യങ്ങളും കോളനിവത്കരണ ചരിത്രത്തെ തിരസ്കരിക്കുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്കിയടിയിലും ഈ ഇരുണ്ട സത്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണത്തിന് ശേഷം കെബിഎഫ് എഡിറ്റോറിയല്‍ ലീഡ് അശ്വതി ഗോപാലകൃഷ്ണന്‍ ചോദ്യോത്തര വേള നയിച്ചു. കലാകാരനും എഴുത്തുകാരനും ആര്‍എല്‍വി അധ്യാപകനുമായ സുധീഷ് കൊട്ടേംപുറം ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Photo Gallery

+
Content