രാമക്കല്‍മേട് ടൂറിസം കേന്ദ്രം നവീകരണം; 1.02 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Idukki / August 4, 2025

ഇടുക്കി: രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,02,40,305 രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി. പതിനായിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന രാമക്കല്‍മേട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയത്.

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹൈറേഞ്ച് മേഖലയിലെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ രാമക്കല്‍മേട് പോലുള്ള ടൂറിസം കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന അനുഭവവേദ്യ ടൂറിസം സംരംഭങ്ങള്‍ക്ക് രാമക്കല്‍മേട്ടില്‍ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിയാളുകളാണ് രാമക്കല്‍മേട്ടിലെത്തുന്നത്. രാമക്കല്‍മേട്ടില്‍ നിന്നുള്ള തമിഴ്‌നാട്-കേരള അതിര്‍ത്തിയുടെ വിദൂര ദൃശ്യഭംഗി ഏതൊരാളിന്റേയും മനം കവരുന്നതാണ്. എപ്പോഴും കാറ്റ് വീശുന്ന രാമക്കല്‍മേട്ടിലെ സര്‍ക്കാര്‍ വക കാറ്റാടിപ്പാടങ്ങളും നയനമനോഹര കാഴ്ച സമ്മാനിക്കും.

ചുറ്റുവേലി നിര്‍മ്മാണത്തിനു പുറമെ ഇരിപ്പിടങ്ങള്‍, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, പുല്‍മൈതാനം, സോളാര്‍ ലൈറ്റ്, മാലിന്യക്കൂടകള്‍, പൊതുശൗചാലയങ്ങള്‍, കുറവന്‍ കുറത്തി ശില്പം, മലമുഴക്കി വേഴാമ്പല്‍ വാച്ച്ടവര്‍, ചെറിയ കുട്ടികളുടെ പാര്‍ക്ക്, കാന്റീന്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനാണ് (ഡിടിപിസി) രാമക്കല്‍മേടിന്റെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല. നവീകരണ പ്രവൃത്തികള്‍ എട്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്.  

രാവിലെ 8.30 മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 15 രൂപ, 15 വയസിനു മുകളിലുള്ളവര്‍ക്ക് 25 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. രാമക്കല്‍മേട്ടില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം ഡിടിപിസിയ്ക്കും 40 ശതമാനം ടൂറിസം വകുപ്പിനുമായി ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Photo Gallery