വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധര്‍
Trivandrum / July 31, 2025
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രോത്സാഹനം നല്‍കണമെന്ന് വിദഗ്ധര്‍. ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ ട്രിമ 2025 ല്‍ 'ആഗോള വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പങ്ക്' എന്ന സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
പുതിയ കാലത്ത് വിദ്യാഭ്യാസ മേഖലയുടെ ഗുണഫലത്തില്‍ ഇന്‍ഡസ്ട്രി-അക്കാദമിയ സഹകരണം പ്രധാനമാണെന്നും വിപണിയുടെ ആവശ്യങ്ങളും സമൂഹത്തിന്‍റെ പരിഗണനകളും തിരിച്ചറിഞ്ഞ് വേണം വിദ്യാഭ്യാസ മേഖല മുന്നോട്ടുപോകാനെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മേഖല നേരിടുന്ന പല വെല്ലുവിളികളും ആഗോള തലത്തില്‍ പ്രസക്തമാണെന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ പറഞ്ഞു. ഈ പ്രശ്നങ്ങള്‍ക്ക് ചരിത്രപരവും സമകാലികവുമായ കാരണങ്ങളുണ്ട്. ഭൗമരാഷ്ട്രീയ അസന്തുലിതാവസ്ഥ, ഭീകരവാദം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വിദ്യാഭ്യാസ മേഖലയെയും ബാധിക്കുന്നുണ്ട്.
ഗവേഷണ-വികസന പ്രവര്‍ത്തനത്തിനായുള്ള സാമ്പത്തികാടിത്തറ ഒരുക്കുകയെന്നത് പ്രധാനമാണെന്ന് ഡോ. ജി ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ജിഡിപിയുടെ മൂന്ന് ശതമാനം ദേശീയ ഗവേഷണ ഫണ്ടിനായി അനുവദിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോഴും ഇത് ഒരു ശതമാനത്തില്‍ പോലും എത്തിയിട്ടില്ല.
ഇന്ത്യക്ക് ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ ആവശ്യമാണ്. 1168 സര്‍വകലാശാലകളുള്ള ഇന്ത്യയില്‍ നിന്ന് ലോകത്തെ മികച്ച 300 സര്‍വകലാശാലകളുടെ പട്ടികയില്‍ 10 എണ്ണം മാത്രമാണ് ഇടംപിടിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം, ഗവേഷണം, സാമൂഹിക വികസനം എന്നിവ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മൂന്ന് പ്രധാന ദൗത്യങ്ങളാണെന്ന് ഐഐഎം കോഴിക്കോട് പ്രൊഫസറും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഇതില്‍ സാമൂഹിക വികസന ലക്ഷ്യം സാധ്യമാക്കുന്നതില്‍ വിദ്യാഭ്യാസ മേഖല പിറകോട്ടാണ്. ഫലത്തില്‍ അധ്യയനം മാത്രമാണ് നടക്കുന്നത്. ഈ വെല്ലുവിളി മറികടക്കുകയെന്നത് പ്രത്യേകം അഭിസംബോധന ചെയ്യേണ്ടതാണ്. നൈപുണ്യ വികസനത്തിനായുള്ള നടപടികള്‍, കരിക്കുലത്തിന്‍റെ നിരന്തരമായ പരിഷ്കരണം, എഐ, എംഎല്‍ അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊള്ളല്‍ എന്നിവയും പ്രധാനമാമെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിയ-ഇന്‍ഡസ്ട്രി സഹകരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ശരിയായ ആവാസവ്യവസ്ഥ ഒരുക്കുകയെന്നത് പ്രധാനമാണെന്ന് ക്ലസ്റ്റര്‍ യൂണിവേഴ്സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍റെ പ്രമേയം 'ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് - നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്' എന്നതാണ്.
1985 ല്‍ സ്ഥാപിതമായ ടിഎംഎ ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
Photo Gallery
