പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: ടിഎംഎ മാനേജ്മെന്‍റ് കണ്‍വെന്‍ഷനിലെ പാനലിസ്റ്റുകള്‍

Trivandrum / July 31, 2025

തിരുവനന്തപുരം: പ്രതിരോധ മേഖല, എയ്റോസ്പേസ് തുടങ്ങിയവയിലെ പുത്തന്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) മാനേജ്മെന്‍റ് കണ്‍വെന്‍ഷനിലെ പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ആഗോള വെല്ലുവിളികളെ നേരിടാന്‍ പല മേഖലകളിലും ഇന്ത്യ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് 'ഇന്നൊവേഷന്‍, വിജയം, വളര്‍ച്ച' എന്നിവ വിഷയമാക്കി നടന്ന പാനല്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച കെസ്പെയ്സ് സിഇഒ ജി. ലെവിന്‍ പറഞ്ഞു. നിര്‍മ്മാണ, സേവന മേഖലകളില്‍ നവീകരണം കൊണ്ടുവരാനായാല്‍ മുന്നേറാന്‍ സാധിക്കുമെന്നും ഐഎസ്ആര്‍ഒ യില്‍  ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം
പറഞ്ഞു.

രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുത്തനെ കുറയ്ക്കാന്‍ തുടങ്ങിയതിനുശേഷം പ്രതിരോധ, എയ്റോസ്പേസ് മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭ്യമായതായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉന്നതിയിലാണെങ്കിലും പ്രതിരോധ മേഖലയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രക്രിയകള്‍ ലളിതവും കാലതാമസം ഉണ്ടാക്കാത്തതുമാകണമെന്ന് ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സ് സിഇഒയും ഡയറക്ടറുമായ വിമല്‍ ഗോവിന്ദ് വി കെ പറഞ്ഞു. എഐ സംയോജനം റോബോട്ടിക്സ് മേഖലയില്‍ വലിയ സ്വാധീനം ചെലുത്തും. 10 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക വീടുകളില്‍ ജോലികള്‍ ചെയ്യാന്‍ റോബോട്ടുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നതിന് ധാരാളം അവസരങ്ങള്‍ മുന്നിലുണ്ടെന്ന് ഹെക്സ്20ലാബ്സ് ഡയറക്ടര്‍ ലോയ്ഡ് ജേക്കബ് ലോപ്പസ് പറഞ്ഞു. നിരവധി യുവാക്കള്‍ തൊഴിലന്വേഷകരാകുന്നതിന് പകരം സംരംഭകരായി മാറുന്നതിന് സ്റ്റാര്‍ട്ടപ്പ് വിപ്ലവം കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Gallery

+
Content