ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപക എം ഡി അദീബ് അഹമ്മദ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്ലാറ്റിനം ബെനിഫാക്ടര്‍
Kochi / July 27, 2025
കൊച്ചി: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപക-എംഡിയും അദീബ് & ഷഫീന ഫൗണ്ടേഷന്‍ സ്ഥാപകനുമായ അദീബ് അഹമ്മദ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്ലാറ്റിനം ബെനിഫാക്ടറായി. കെബിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി അഞ്ചു വര്‍ഷത്തെ നിര്‍ലോഭമായ പിന്തുണ അദീബ് അഹമ്മദില്‍ നിന്ന് ലഭിക്കും.
ഇതോടെ കിരണ്‍ നാടാര്‍, ഷബാന ഫൈസല്‍, മറിയം റാം, സംഗീത ജിന്‍ഡാല്‍ എന്നിവരുള്‍പ്പെടുന്ന പ്ലാറ്റിനം ബെനിഫാക്ടര്‍മാരുടെ പ്രമുഖ നിരയിലേക്കാണ് അദ്ദേഹം എത്തുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗം കൂടിയാണ് അദീബ്.
കെബിഎഫിന്റെ ദീര്‍ഘവീക്ഷണത്തെ ശക്തിപ്പെടുത്തുകയും അതിലൂടെ കലാപരവും വിദ്യാഭ്യാസപരവുമായ ഉദ്യമങ്ങളെ സഹായിക്കാനും അദീബ് അഹമ്മദിന്റെ സാന്നിദ്ധ്യം പ്രചോദനമാകുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി പറഞ്ഞു. സാമ്പത്തികമായ പിന്തുണയ്ക്കപ്പുറത്തേക്ക് കലാസ്വാദകന്‍ എന്ന രീതിയുള്ള അദ്ദേഹത്തിന്റെ സഹകരണം മുതല്‍ക്കൂട്ടാണെന്നും ഡോ. വേണു കൂട്ടിച്ചേര്‍ത്തു.
ജിസിസി, ഇന്ത്യ, ഏഷ്യാ-പസഫിക് എന്നിവിടങ്ങളിലായി സാമ്പത്തിക സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി, സാമൂഹിക വികസനം എന്നീ മേഖലകളിലാണ് അദീബ് അഹമ്മദിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്. സമഗ്രവളര്‍ച്ച, സാമ്പത്തിക നവീകരണം എന്നിവയുടെ വക്താവായ അദ്ദേഹം വേള്‍ഡ് ഇക്കണോമിക് ഫോറം പോലുള്ള അന്താരാഷ്ട്ര വേദികളിലൂടെ ആഗോള സാമ്പത്തിക ചര്‍ച്ചകളില്‍ പ്രധാന പങ്കാളിയാണ്.
സഹധര്‍മ്മിണി ഷഫീന യൂസഫലിയുമായി ചേര്‍ന്ന് സ്ഥാപിച്ച അദീബ് & ഷഫീന ഫൗണ്ടേഷന്‍ വഴി, പ്രധാനമായും കേരളത്തില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൊതുജനാരോഗ്യപരിപാലനം എന്നീ മേഖലയില്‍ സേവനങ്ങള്‍ നല്‍കുന്നു. കൊച്ചി ബിനാലെയ്ക്കുള്ള പിന്തുണ സംസ്ഥാനത്തിന്റെ സാംസ്്കാരികവും സാമൂഹികവുമായ വികസനത്തിലുള്ള അദ്ദേഹത്തിന്റെ നിരന്തരമായ താല്‍പ്പര്യത്തിന് തെളിവാണെന്ന് ഫൗണ്ടേഷന്‍ വിലയിരുത്തി.
കൊച്ചി-മുസിരിസ് ബിനാലെ കൊച്ചിയുടെ സാംസ്‌കാരിക-ടൂറിസം വികസനത്തിന് നിര്‍ണായകമാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. സമകാലീന കലാലോകത്ത് കൊച്ചിയുടെ സാംസ്‌കാരിക ഭൂമികയെ സമ്പന്നമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ബിനാലെയെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിക്കി (FICCI) മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍, സൗദി അറേബ്യയിലെ വിഷന്‍ ബാങ്ക് ബോര്‍ഡ് അംഗം എന്നിവയുള്‍പ്പെടെ നിരവധി നേതൃസ്ഥാനങ്ങള്‍ അഹമ്മദ് വഹിക്കുന്നുണ്ട്. യുഎഇ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റേഴ്സ് കൗണ്‍സില്‍ ബോര്‍ഡ് അംഗം, യുഎഇ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സ്ഥാപകാംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. 2023-ല്‍ ഗ്ലോബല്‍ ഫിന്‍ടെക് അവാര്‍ഡ്‌സില്‍ 'ലീഡിംഗ് ഫിന്‍ടെക് പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് (ജിസിസി)' അദ്ദേഹം നേടി. 2024-ല്‍ ഫോബ്‌സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച യാത്രാ-ടൂറിസം സംരംഭകരില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെതും ദക്ഷിണേഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ളതുമായ ബിനാലെയാണ് കൊച്ചി-മുസിരിസ് ബിനാലെ. രണ്ട് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12-ന് ആരംഭിക്കുകയും 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുകയും ചെയ്യും.
Photo Gallery
