കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍ ഇന്ന്(25.07.2025 വെള്ളി) മുതല്‍

Kochi / July 24, 2025

കൊച്ചി: രാജ്യത്തിന്റെ സാങ്കേതികവിപ്ലവത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന് (കെഐഎഫ് 2025)ഇന്ന് (25.07.2025 വെള്ളി) തുടക്കമാകും. സംരംഭക സ്ഥാപകര്‍, നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, നയരൂപകര്‍ത്താക്കള്‍, സര്‍ഗ്ഗാത്മക പ്രതിഭകള്‍ തുടങ്ങി 10,000-ല്‍ അധികം പേരാണ് ദ്വിദിന പരിപാടിയില്‍ പങ്കെടുക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കളമശേരിയിലെ ഇനോവേഷന്‍ ഹബ്ബിലാണ് പരിപാടി നടക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കഴിഞ്ഞ പത്ത് കൊല്ലത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെയും പുതിയ ആവാസവ്യവസ്ഥ സൃഷ്ടിച്ചതിന്റെ നേര്‍ക്കാഴ്ചയും കെഐഎഫില്‍ ഉണ്ടാകും.

ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. നൂറിലധികം ഉല്‍പ്പന്ന പ്രദര്‍ശനങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യാ പ്രദര്‍ശനങ്ങള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തന മാതൃകകള്‍ തുടങ്ങിയവ ഇവിടെയുണ്ടാകും. ഷീ ലീഡ്‌സ്, സുസ്ഥിര വികസനം, ജെന്‍ എഐ ഫോര്‍ ആള്‍, തുടങ്ങിയ ഉച്ചകോടിയും, എക്‌സ്പീരിയന്‍സ് സെന്റര്‍, പ്രൊഡക്റ്റ് ഷോക്കേസുകള്‍, ഫാബ് & മേക്കര്‍ എക്‌സ്‌പോ, ഫുഡ് ഫെസ്റ്റ്, മ്യൂസിക് ഫെസ്റ്റിവല്‍, സസ്‌റ്റൈനബിള്‍ ഫ്‌ളീ മാര്‍ക്കറ്റ്, മെഗാ ഇന്നൊവേഷന്‍ ടൂര്‍ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മേധാവി മംമ്ത വെങ്കിടേഷ് കെഐഎഫിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. കെഎസ് യുഎം സിഇഒ അനൂപ് അംബിക, സംസ്ഥാന ആസൂത്രണബോര്‍ഡംഗം മിനി സുകുമാരന്‍, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചലച്ചിത്രമേഖല, സംഗീതം, ടെക്‌നോളജി, ഫിന്‍ടെക്, സാമൂഹ്യ സംരംഭങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള നൂറിലധികം പ്രമുഖര്‍ രണ്ട് ദിവസത്തെ പരിപാടിയില്‍ സംസാരിക്കും.

ഐടി സ്‌പെഷ്യല്‍ സെക്രട്ടറി എസ് സാംബശിവ റാവു, ഇന്‍ഫോസിസ് സഹസ്ഥാപകനും സിഐഐ-സിഐഇഎസ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍, നടനും നിര്‍മ്മാതാവുമായ നിവിന്‍ പോളി, നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍, നടി നിഖില വിമല്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, ഈസ് മൈ ട്രിപ് സിഇഒ റികാന്ത് പിറ്റീ, ബ്രാഹ്‌മിന്‍സ് ഫുഡ് ഇന്ത്യ എം ഡി ശ്രീകാന്ത് വിഷ്ണു, മാട്രിമണി ഡോട്‌കോം സ്ഥാപകന്‍ മുരുഗവേല്‍ ജാനകീരാമന്‍, വികെസി കോര്‍പറേറ്റ്ഹൗസ് എം ഡി വികെസി റസാഖ് തുടങ്ങി നിരവധി പേര്‍ പരിപാടിയിലെ വിവിധ സെഷനുകളില്‍ സംസാരിക്കുന്നുണ്ട്.

Photo Gallery