ഷാരോണ്‍ ലോവന്‍, അഞ്ജലി ഗോപാലന്‍, ഉമ നായര്‍, രാജ് മെഹ്റ, അര്‍പ്പണ കൗര്‍ എന്നിവര്‍ക്ക് ആലേഖ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു
വിവിധ മേഖലകളിലെ 20 പ്രഗത്ഭ വനിതകള്‍ക്ക് ആലേഖ് വനിതാ അച്ചീവര്‍ അവാര്‍ഡ് നല്‍കി
New Delhi / July 19, 2025
ന്യൂഡല്‍ഹി: സ്ത്രികളുടെ അസാധാരണ നേട്ടങ്ങളുടെയും ചാരുതയുടെയും ആഘോഷത്തില്‍ മൂന്നാമത് ആലേഖ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പ്രശസ്ത ഒഡീസി നര്‍ത്തകി ഷാരോണ്‍ ലോവന്‍, സമകാലിക വിഷ്വല്‍ ആര്‍ട്‌സിലെ പ്രമുഖയായ അര്‍പ്പണ കൗര്‍, ആര്‍ട്ട് ക്യൂറേറ്ററും സാംസ്‌കാരിക നിരൂപകയുമായ ഉമ നായര്‍ എന്നിവര്‍ക്ക് ആലേഖ് വിമന്‍ അച്ചീവേഴ്സ് പുരസ്‌കാരം സമ്മാനിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകയും ദി നാസ് ഫൗണ്ടേഷന്റെ സ്ഥാപകയുമായ അഞ്ജലി ഗോപാലന്‍, എയിംസ്, ജാമിയ ഹംദാര്‍ദ് എന്നിവയുടെ മുന്‍ മേധാവി ഡോ. രാജ് ദുല്‍ഹാരി മെഹ്റ എന്നിവര്‍ക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഇതിനു പുറമേ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയ സംഭാവനകള്‍ നല്‍കിയതിനും സര്‍ഗാത്മകതയുടെയും സേവനത്തിന്റെയും ആശയങ്ങള്‍ പുനര്‍നിര്‍വചിച്ചതിനും 20 സ്ത്രീകള്‍ക്ക് വനിതാ അച്ചീവര്‍ അവാര്‍ഡും സമ്മാനിച്ചു.
ലീല പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.കെ കൗള്‍ മുഖ്യാതിഥിയായിരുന്നു. നീതി ആയോഗ് മുന്‍ സിഇഒയും ജി 20 മുന്‍ ഷെര്‍പ്പയുമായ അമിതാഭ് കാന്ത്, പ്രശസ്ത നാടക- സിനിമാ നടന്‍ ആദില്‍ ഹുസൈന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
കായികം, പൊതുനയം, സിനിമ, സാഹിത്യം, മാധ്യമപ്രവര്‍ത്തനം, നിയമം തുടങ്ങി തെരഞ്ഞെടുത്ത മേഖലകളില്‍ ഈടുറ്റ സംഭാവന നല്‍കാന്‍ അവാര്‍ഡ് ജേതാക്കളായ സ്ത്രീകള്‍ക്കായെന്ന് അവരെ അഭിനന്ദിച്ചുകൊണ്ട് ജസ്റ്റിസ് കൗള്‍ പറഞ്ഞു. ദൃഢനിശ്ചയത്തോടെ അവസരങ്ങള്‍ സ്വന്തമാക്കുകയും വെല്ലുവിളികള്‍ ചവിട്ടുപടികളാക്കി മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുകയും ചെയ്യണമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ അസമത്വങ്ങള്‍ ഇല്ലാതാക്കുകയും സ്ത്രീകള്‍ക്ക് പരിശ്രമിക്കാനും വളരാനും കഴിയുന്ന ഇടം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണത്തിനായി താഴേത്തട്ടില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ആലേഖ് ഫൗണ്ടേഷന്റെ സ്ഥാപക ഡോ. റെന്നി ജോയിയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യം 'വികസിത് ഭാരത്' ആകണമെങ്കില്‍, 2047 ആകുമ്പോഴേക്കും 35 ട്രില്യണ്‍ ഡോളറിലധികമുള്ള സമ്പദ്വ്യവസ്ഥയാകണമെന്ന് അമിതാഭ് കാന്ത് പറഞ്ഞു. ഈ വളര്‍ച്ചയുടെ പ്രധാന ചാലകശക്തി ഇന്ത്യന്‍ സ്ത്രീകളായിരിക്കണം. ഇന്ന് ഇന്ത്യന്‍ സ്ത്രീകള്‍ ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 28% മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. അതേസമയം അവര്‍ ജനസംഖ്യയുടെ ഏകദേശം 50% ആണ്. അതിനാല്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ കഥ സ്ത്രീകളില്‍ നിന്നായിരിക്കണം. നാളത്തെ മികച്ച നേതാക്കളായ സ്ത്രീകളെയാണ് ആലേഖ് ഫൗണ്ടേഷന്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ധൈര്യവും കാഴ്ചപ്പാടും ഉപയോഗിച്ച് നയിക്കുന്ന സ്ത്രീകള്‍ക്കുള്ള ആദരവാണ് ആലേഖ് പുരസ്‌കാരമെന്ന് സ്വാഗത പ്രസംഗത്തില്‍ ഡോ. റെന്നി ജോയ് പറഞ്ഞു. അവരുടെ കഥകള്‍ മാറ്റത്തിന് പ്രചോദനം നല്‍കുന്നു. പാരമ്പര്യ വാഹകരായും സൗന്ദര്യത്തിന്റെ സ്രഷ്ടാക്കളായും മാറ്റമുണ്ടാക്കുന്നവരായുമുള്ള സ്ത്രീകളുടെ പങ്കില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഒരു തറിയായാലും ലെന്‍സായാലും, ഒരു കോടതിമുറിയായാലും അല്ലെങ്കില്‍ ഒരു ക്ലാസ് മുറിയായാലും, സ്ത്രീകള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ ഇന്ത്യയുടെ ആഖ്യാനം രൂപപ്പെടുത്തുന്നത് തുടരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ സെല്‍ഫ്രിഡ്ജസില്‍ റീട്ടെയില്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഡിസൈനര്‍മാരില്‍ ഒരാളായ അന്‍ഷു അറോറ, വൃന്ദാവനത്തിലെ ഉപേക്ഷിക്കപ്പെട്ട വൃദ്ധ വിധവകളുടെ ജീവിതത്തെ ആദരിച്ച മൈത്രി ഇന്ത്യ എന്ന എന്‍ജിഒയുടെ ഉടമയായ വിന്നി സിംഗ്, 4.6 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സും 52 ദശലക്ഷത്തിലധികം യൂട്യൂബ് പ്രേക്ഷകരുമുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നീതു ബിസ്റ്റ് എന്നിവരുള്‍പ്പെടെ പുരസ്‌കാരം സ്വീകരിച്ചു.
നടന്‍ ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ കോര്‍ ടീം അംഗവും ചലച്ചിത്ര നിര്‍മ്മാതാവുമായ കരുണ ബദ്വാള്‍, ദേശീയ അവാര്‍ഡ് ജേതാവായ നടി ഋതുപര്‍ണ സെന്‍ഗുപ്ത, ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലെ ക്ലാസിക്കല്‍ സംഗീത വിദഗ്ദ്ധയും സീനിയര്‍ പ്രൊഫസറുമായ ഡോ. ബസവി മുഖര്‍ജി, ടെക്‌സ്‌റ്റൈല്‍ നയ വിദഗ്ദ്ധയായ ചന്ദ്രിമ ചാറ്റര്‍ജി, നാഗാലാന്‍ഡില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനര്‍ ബാംബി കെവിച്ചുഷ എന്നിവരും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു.
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ഷോണാലി ബോസ്, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥയും ആകാശവാണി ന്യൂസിന്റെ ഡയറക്ടര്‍ ജനറലുമായ മൗഷാമി ചക്രവര്‍ത്തി, പത്മശ്രീ ജേതാവും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ അഞ്ജും ചോപ്ര, രാംനാഥ് ഗോയങ്ക അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിരൂപക ശുബ്ര ഗുപ്ത, ഭരണഘടനാ, കുടുംബ നിയമ വിദഗ്ധയായ മാളവിക രാജ്‌കോട്ടിയ, റെഡ് എഫ്എം സിഇഒ നിഷ നാരായണന്‍, പ്രശസ്ത മോഡലും ഡിജിറ്റല്‍ ഫാഷന്‍ ക്യൂറേറ്ററുമായ സോണാലിക സഹായ്, ഫാബ് ഇന്ത്യയുടെ ആദ്യ ആക്സസറീസ് വിഭാഗം സൃഷ്ടിച്ച ടെക്സ്‌റ്റൈല്‍ വിദഗ്ധ മീര ഗുപ്ത, പ്രശസ്ത യോഗ ഗുരുവും വെല്‍നസ് അധ്യാപികയുമായ ആചാര്യ പ്രതിഷ്ഠ യോഗ, 35 വര്‍ഷത്തെ നയതന്ത്ര ജീവിതം സാംസ്‌കാരിക നയതന്ത്രത്തെ രൂപപ്പെടുത്തിയ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥ സംഗീത ബഹാദൂര്‍, ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ കണ്‍ട്രി ഡയറക്ടര്‍ അലിസണ്‍ ബാരെറ്റ്, ഖാഷി ഭാഷയിലെ എഴുത്തുകാരിയായ ബിജോയ സവൈന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ഷോവന നാരായണ്‍, ലൈല തയാബ്ജി, കൗസര്‍ മുനീര്‍, റിച്ച അനിരുദ്ധ്, സോണാല്‍ കല്‍റ, അഞ്ജു ബോബി ജോര്‍ജ്, ഏക്ത ബിസ്റ്റ്, ഗീത ചന്ദ്രന്‍, ഗരിമ വഹാല്‍, ഗൗരി ലക്ഷ്മി ബായി എന്നിവര്‍ ആലേഖ് ഫൗണ്ടേഷന്റെ മുന്‍ അവാര്‍ഡ് ജേതാക്കളാണ്.
കല, പൊതുസേവനം, മാധ്യമം, നിയമം, സാഹിത്യം, ആരോഗ്യം, സംരംഭകത്വം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ സ്ത്രീകളെയാണ് സാമൂഹിക-സാംസ്‌കാരിക സംഘടനയായ ആലേഖ് ഫൗണ്ടേഷന്റെ വാര്‍ഷിക അവാര്‍ഡില്‍ ആദരിക്കുന്നത്.