കൊച്ചി മുസിരിസ് ബിനാലെയ്ക്ക് മുന്നോടിയായി നഗരത്തെ ചിത്രീകരിക്കുന്ന ശില്‍പ്പശാലയുമായി കെബിഎഫ്
ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത് ഫ്രഞ്ച് കലാകാരന്‍ ഫിലിപ്പ് കാലിയ
Trivandrum / July 21, 2025
തിരുവനന്തപുരം: ഡിസംബര്‍ 12 ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) തിരുവനന്തപുരത്ത് ശില്‍പ്പശാല സംഘടിപ്പിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ മാധ്യമങ്ങളിലൂടെ തിരുവനന്തപുരം നഗരം എന്ന ആശയത്തെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതിനെക്കുറിച്ചാണ് 'പോര്‍ട്രെയ്റ്റ് ഓഫ് എ സിറ്റി' എന്ന പേരിലുള്ള ശില്‍പ്പശാല.
ഫ്രാന്‍സില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ കലാകാരന്‍ ഫിലിപ്പ് കാലിയയുടെ നേതൃത്വത്തില്‍ കേശവദാസപുരത്തെ നെയ്ബര്‍ ആര്‍ട്ട് സ്പെയ്സിലാണ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചത്. ഗവേഷകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, എഴുത്തുകാര്‍ എന്നിവരുള്‍പ്പെടെ 11 പേരെയാണ് ശില്‍പ്പശാലയിലേക്ക് തിരഞ്ഞെടുത്തത്. ശില്‍പ്പശാലയില്‍ നിന്ന് നേടിയ അറിവുകള്‍ ഉപയോഗിച്ച് ഇവര്‍ നഗരത്തെ ചിത്രീകരിക്കും. ഒരാഴ്ചയ്ക്കകം സൃഷ്ടികള്‍ സമര്‍പ്പിക്കും.
ശനിയാഴ്ച ആരംഭിച്ച ശില്‍പ്പശാലയില്‍ കാലിയ തന്‍റെ കൃതികളെക്കുറിച്ചും മുംബൈയില്‍ നടത്തിയ 'ദി സെക്കന്‍ഡ് ലോ' എന്ന പ്രദര്‍ശനത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.
തിരുവനന്തപുരം നഗരവുമായി എതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി നഗരത്തെക്കുറിച്ചുള്ള അറിവ് പങ്കിടുകയുമാണ് ശില്‍പ്പശാലയുടെ ലക്ഷ്യമെന്ന് ഫിലിപ്പ് കാലിയ പറഞ്ഞു. ഫോട്ടോ, ഗദ്യം, കവിത അടക്കമുള്ള വിവിധ ആവിഷ്കാരങ്ങളിലൂടെ നഗരത്തെ എങ്ങനെ ചിത്രീകരിക്കാനാകുമെന്ന് ചര്‍ച്ചചെയ്തു. ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്ററായ നിഖില്‍ ചോപ്രയുടെ ക്യൂറേറ്റര്‍ ദര്‍ശനവുമായി തികച്ചും യോജിക്കുന്ന ഈ ശില്‍പ്പശാലയിലൂടെ വിവിധ ആശയങ്ങളും സമ്പ്രദായങ്ങളും കൈമാറ്റം ചെയ്ത് പുതിയ ചിന്താരീതികള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതത്തിന്‍റെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകള്‍ സന്ദര്‍ശിക്കുന്ന പരിപാടിയായി കൊച്ചി ബിനാലേ മാറിയിട്ടുണ്ടെന്നും കലയെയും കലാകാരന്‍മാരെയും സംബന്ധിച്ച് ഇത് ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോട്ടോഗ്രാഫി, വീഡിയോ, എഴുത്ത് എന്നിവയിലാണ് കാലിയ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാമൂഹിക ശാസ്ത്രം, ആധുനിക സാഹിത്യം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, സൈദ്ധാന്തിക ഭൗതികശാസ്ത്രം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്.
കാലിയയുടെ രചനകള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ സെറന്‍ഡിപിറ്റി ആര്‍ട്സ് ഫെസ്റ്റിവല്‍ (ഇന്ത്യ, 2025), ജിമെയ് എക്സ് ആര്‍ലെസ് (ചൈന, 2024), ലെസ് റെന്‍കോണ്‍ട്രെസ് ഡി ആര്‍ലെസ് (ഫ്രാന്‍സ്, 2023), കുന്‍സ്റ്റ്മ്യൂസിയം വുള്‍ഫ്സ്ബര്‍ഗ് (ജര്‍മ്മനി, 2023), എസ്ഐപിഎഫ് (സിംഗപ്പൂര്‍, 2022), യുപി ഗാലറി (തായ് വാന്‍, 2021) എന്നിവയുള്‍പ്പെടെ യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ മ്യൂസിയങ്ങള്‍, ഗാലറികള്‍, ഫെസ്റ്റിവെലുകള്‍ എന്നിവയില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
'ഫോര്‍ ദി ടൈം ബീയിംഗ്' എന്ന് പേരിട്ടിരിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാമത് പതിപ്പ് ഡിസംബര്‍ 12 ന് ആരംഭിക്കും. ഗോവ ആസ്ഥാനമായുള്ള കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള സംഘടനയായ എച്ച്.എച്ച്. ആര്‍ട്ട് സ്പെയ്സസുമായി ചേര്‍ന്ന് ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയാണ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. 110 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെ 2026 മാര്‍ച്ച് 31 ന് സമാപിക്കും.