വി.എസിന്‍റെ നിര്യാണത്തില്‍ മില്‍മ അനുശോചിച്ചു
Trivandrum / July 21, 2025
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ (എം) നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ മില്‍മ (കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) അഗാധമായ ദുഃഖം രേഖപ്പെടുത്തി.
തൊഴിലാളി വര്‍ഗത്തിന്‍റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നാടിന്‍റെ സമഗ്ര പുരോഗതിക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളിലൂടെ ജീവിതം അടയാളപ്പെടുത്തിയ ബഹുജന നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ കേരളത്തിന്‍റെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നുവെന്ന് മില്‍മ അനുസ്മരിച്ചു.
പൊതുജീവിതത്തില്‍ കളങ്കമില്ലാത്ത കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളാണ് വി.എസ് എന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമസഭാംഗം എന്നീ നിലകളില്‍ നിരവധി തവണ കാര്‍ഷിക മേഖലയുടെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും വളര്‍ച്ചയ്ക്കായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തി. കര്‍ഷക ക്ഷേമത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമായ മില്‍മയെ എക്കാലത്തും പിന്തുണച്ച നേതാവായിരുന്നു വി.എസ്.
മില്‍മയും അതിന്‍റെ മേഖലാ യൂണിയനുകളും ജീവനക്കാരും സംസ്ഥാനത്തിന്‍റെയാകെയും വി.എസിന്‍റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മണി കൂട്ടിച്ചേര്‍ത്തു.