മികച്ച തൊഴിലിട സംസ്‌കാരമുള്ള രാജ്യത്തെ സ്ഥാപനങ്ങളുടെ പട്ടികയിൽ റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Trivandrum / July 14, 2025

തിരുവനന്തപുരം: മികച്ച തൊഴിലിട സംസ്‌കാരമുള്ള ഇന്ത്യയിലെ 50 ഇടത്തരം കമ്പനികളുടെ പട്ടികയിൽ  ഇടം നേടി ടെക്‌നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍സ് സേവന ദാതാവായ റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. മികച്ച തൊഴിലിട സംസ്‌കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ആഗോള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിറ്റിഡബ്ല്യു) പട്ടികയിൽ  39-ാമതായാണ് കമ്പനി ഇടം പിടിച്ചത്.

ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസം, അഭിമാനം, സൗഹൃദം എന്നിവ വളര്‍ത്തുന്നതിലും ജീവനക്കാര്‍ക്ക് മികച്ച തൊഴിലിട അനുഭവം നല്‍കുന്നതിലുമുള്ള മികവിനാണ് അംഗീകാരം. മുംബൈയില്‍ നടന്ന ' ജിപിറ്റിഡബ്ല്യു ഇന്ത്യ അവാര്‍ഡ് 2025' ചടങ്ങില്‍ റിഫ്‌ളക്ഷന്‍സ് ചീഫ് ടെക്‌നോളജി ഓഫീസര്‍ വൈഭവ് പാണ്ഡെ, റിഫ്‌ളക്ഷന്‍സ് പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ഉഷ ചിറയില്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.


ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുമായി സഹകരിച്ച് വളര്‍ച്ചയുടെ പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് ജിപിറ്റിഡബ്ല്യു അംഗീകാരമാണെന്ന് ഉഷ ചിറയില്‍ പറഞ്ഞു. ജീവനക്കാരുടെ ക്ഷേമം, മികവുറ്റ ജോലിസ്ഥല സംസ്‌കാരം എന്നിവയ്ക്ക് കമ്പനി മുന്‍ഗണന നൽകുന്നു. പ്രതിഭകളെ ആകര്‍ഷിക്കുന്നതിലൂടെയും പുതിയ പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെയും കമ്പനിയുടെ മുന്നോട്ടുള്ള യാത്രയെ ത്വരിതപ്പെടുത്താന്‍ ഈ അംഗീകാരം സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേർത്തു .

കമ്പനികളിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന അഭിപ്രായ സര്‍വേയെ അടിസ്ഥാനമാക്കിയാണ് ജിപിറ്റിഡബ്ല്യു സർട്ടിഫിക്കേഷൻ  ലഭിക്കുക.

 
മികച്ച നേതൃത്വം, ജീവനക്കാരുടെ ക്ഷേമത്തിലെ ശ്രദ്ധ, ജോലി-ജീവിത സന്തുലിതാവസ്ഥ, പോസിറ്റീവ് തൊഴിലിട സംസ്‌കാരം, തുറന്ന ആശയവിനിമയം, പഠനാന്തരീക്ഷം സൃഷ്ടിക്കല്‍, പ്രതിഭകളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവ പരിശോധിച്ചാണ് ജിപിറ്റിഡബ്ല്യു സർട്ടിഫിക്കേഷൻ നല്കുന്നത്.


ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന നിര്‍മ്മിതബുദ്ധി അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഡിജിറ്റല്‍ പരിവര്‍ത്തനം, കൃത്രിമ ബുദ്ധി, വിവരസുരക്ഷ എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക നവീകരണ സേവന ദാതാവാണിത്.

 
തുടര്‍ച്ചയായ രണ്ട് വര്‍ഷം ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിറ്റിഡബ്ല്യു) സർട്ടിഫിക്കേഷൻ കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ട് . വിപുലവും ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ സാങ്കേതിക പരിഹാരങ്ങള്‍ നല്കുന്നതിലൂടെ വ്യവസായ-സാങ്കേതിക മേഖലകളിലെ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് സാധിക്കും. ഐഎസ്ഒ  9001:2015,  ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി ടൈപ്പ് 2 സർട്ടിഫിക്കേഷനും റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

 

Photo Gallery

+
Content