കലോത്സവങ്ങള്‍ യൗവനവും ഊര്‍ജ്ജ്‌സ്വലതയും നിലനിറുത്താനുള്ള അവസരം- ദിലീഷ് പോത്തന്‍
തരംഗ് ടെക്കീസ് കലോത്സവം- സമ്മാനദാനം നടത്തി
Kochi / July 11, 2025
കൊച്ചി : വിദ്യാഭ്യാസ കാലം കഴിഞ്ഞുള്ള ജീവിതത്തിലെ ഇടവേളയ്ക്ക് ശേഷം കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നത് യൗവനവും ഊര്‍ജ്ജസ്വലതയും നിലനിറുത്താന്‍ സഹായിക്കുമെന്ന് പ്രശസ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ നടന്ന അഖിലകേരള ടെക്കീസ് കലോത്സവമായ തരംഗ് സീസണ്‍ മൂന്നിന്റെ പുരസ്‌ക്കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ സംഘടനായ പ്രോഗ്രസീവ് ടെക്കീസാണ് ഇന്‍ഫോപാര്‍ക്കിന്റെ സഹകരണത്തോടെ തരംഗ് സംഘടിപ്പിച്ചത്.
ജീവിതത്തില്‍ പലരീതിയിലുള്ള മത്സരങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പക്ഷെ കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത് പോലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന മറ്റൊന്നില്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. കുറച്ചു കാലം മാത്രം ടെക്കിയായിരുന്ന തന്റെ ഭൂതകാലവും അദ്ദേഹം അനുസ്മരിച്ചു.
പ്രോഗ്രസീവ് ടെക്കീസുമായി എക്കാലവും ഇന്‍ഫോപാര്‍ക്കിന് മികച്ച സഹകരണമുണ്ടായിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ജീവനക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരു കൊല്ലത്തോടെ ഇന്‍ഫോപാര്‍ക്കില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോലിഭാരത്തോടനുബന്ധിച്ച മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ സര്‍ഗ്ഗാത്മക കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരം ഒരുക്കുന്നത് വലിയ കാര്യമാണെന്ന് എറണാകുളം അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി, തരംഗ് സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നൂറിലധികം വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. മുന്നൂറിലധികം കമ്പനികളില്‍ നിന്ന് ആറായിരത്തില്‍പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു.