തെന്‍മല ഇക്കോടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം

Trivandrum / July 12, 2025

തിരുവനന്തപുരം: തെന്‍മല ഇക്കോടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ (ടിഇപിഎസ്) പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വകുപ്പുകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും പതിനഞ്ചാം വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. സംസ്ഥാനത്തൊട്ടാകെ ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ടിഇപിഎസിന്‍റെ അധികാര പരിധി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
 
കേരളത്തിലെ ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കോ ടൂറിസത്തില്‍ രാജ്യത്തിന്‍റെ പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നതായും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ചീഫ് എക്‌സിക്യുട്ടീവ് ശ്രീധന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ടിഇപിഎസ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് എക്‌സിക്യുട്ടീവിനെ ചുമതലപ്പെടുത്തി. ടിഇപിഎസിന്‍റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തുവാനുള്ള തീരുമാനം സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

നിര്‍വാഹക സമിതി അംഗീകരിച്ച ടിഇപിഎസിന്‍റെ ജീവനക്കാര്‍ക്കുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണം യോഗം ശരിവച്ചു. ടിഇപിഎസിന്‍റെ   പ്രവര്‍ത്തന പുരോഗതികളുടെ അവലോകനം നടത്തുകയും കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തിന്‍റെ തീരുമാനങ്ങളില്‍ സ്വീകരിച്ച നടപടികളും യോഗവിവരണക്കുറിപ്പും അംഗീകരിക്കുകയും ചെയ്തു.

നിര്‍വാഹക സമിതി അംഗീകരിച്ച ഓഡിറ്റഡ് കണക്കുകളും വാര്‍ഷിക ബജറ്റും സാധൂകരിക്കുകയും 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് അംഗീകാരം നല്‍കുകയും ചെയ്തു. 2025-26 വര്‍ഷങ്ങളിലേക്കുള്ള ഓഡിറ്റര്‍മാരെ നിയമിക്കുകയും ചെയ്തു.

എക്‌സിക്യുട്ടീവ് അംഗങ്ങള്‍ അവതരിപ്പിച്ച വിഷയങ്ങള്‍ പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടവ അതാത് വകുപ്പുകളെ അറിയിക്കുമെന്നും യോഗത്തില്‍ ചീഫ് എക്‌സിക്യുട്ടീവ് ഉറപ്പ് നല്‍കി.

Photo Gallery