ശാസ്ത്രബോധത്തോടെ നാടിന്‍റെ പൈതൃകത്തെ സമീപിച്ചാല്‍ അത്ഭുതങ്ങള്‍ തിരിച്ചറിയാം- പ്രൊഫ. ചന്ദ്രഭാസ് നാരായണ

ശാസ്ത്രബോധത്തോടെ നാടിന്‍റെ പൈതൃകത്തെ സമീപിച്ചാല്‍ അത്ഭുതങ്ങള്‍ തിരിച്ചറിയാം- പ്രൊഫ. ചന്ദ്രഭാസ് നാരായണ
Trivandrum / August 14, 2022

തിരുവനന്തപുരം: ശാസ്ത്രം വൈദ്യശാസ്ത്രം, ദിശാനിര്‍ണയം മുതലായ മേഖലകളില്‍ ഇന്ത്യയുടെ പൈതൃക സംസ്കാരത്തില്‍ ഊന്നിയ വിജ്ഞാനം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ നേതൃത്വത്തില്‍ ശാസ്ത്ര പൈതൃക ഗവേഷണങ്ങള്‍ നടത്തിവരികയാണെന്ന് ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.  വൈജ്ഞാനിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ പാശ്ചാത്തരുടേതാണെന്ന ബോധം കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വന്ന വിദ്യാഭ്യാസ രീതിയിലൂടെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സാംസ്ക്കാരിക വകുപ്പും സത്സംഗ് ഫൗണ്ടേഷനും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് പരിപാടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആധുനികമെന്ന് ലോകം വിശേഷിപ്പിക്കുന്ന പല കണ്ടുപിടിത്തങ്ങളും യഥാര്‍ത്ഥത്തില്‍ ഉദയം ചെയ്തത് പൗരാണികഭാരതത്തില്‍ നിന്നാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സംഖ്യാശാസ്ത്രം പൂര്‍ണ്ണമായും ഭാരതത്തിന്‍റെ സംഭാവനയാണ്. പൈതഗോറസ് തിയറി ഗ്രീക്കുകാര്‍ കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്നു. 

ഭൂമി ഉരുണ്ടതാണെന്നും ഭൂമിയിലെ വിവിധ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവും പ്രാചീന ഭാരതത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. സമുദ്രയാത്രയില്‍ ദിശാനിര്‍ണയം സംബന്ധിച്ച കണ്ടുപിടുത്തങ്ങള്‍ എല്ലാം തന്നെ ഭാരതത്തില്‍ നിന്നാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യ കണ്ടുപിടിച്ചത് യഥാര്‍ത്ഥത്തില്‍ വാസ്കോഡഗാമയല്ല, മറിച്ച് ഒരു ഇന്ത്യക്കാരന്‍ തന്നെയാണ് ഗാമയ്ക്ക് വഴികാട്ടി കൊടുത്തത്.

ഹെര്‍ണിയ, വൃക്കയിലെ കല്ല് മുതലായവയുടെ ശസ്ത്രക്രിയ രീതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ചരകന്‍റെയും ശുശ്രുതന്‍റെയും ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളിയായ മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് രോഗങ്ങള്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയില്‍ ഉണ്ടാകുന്നില്ല. ക്ഷയം മലമ്പനി മുതലായ രോഗങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സകളില്‍ പലപ്പോഴും രോഗാണുക്കള്‍ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സയില്‍ ഈ വെല്ലുവിളികള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷാ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായപ്പോള്‍ പരമ്പരാഗത ഇനങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായി. മികച്ച പോഷകാംശം ഉള്ളതും രോഗപ്രതിരോധശേഷി തരുന്നതുമായ ഇത്തരം പരമ്പരാഗത വിത്തിനങ്ങളെ പുനരുജീവിപ്പിക്കാനുള്ള പദ്ധതികളും ഗവേഷണങ്ങളും ആര്‍ജിസിബി നടത്തിവരികയാണ്. കുരുമുളക്, നെല്ലിനങ്ങള്‍ മുതലായവയില്‍ ഇത്തരം ഗവേഷണങ്ങള്‍ വ്യാപകമായിട്ടുണ്ട്. 40 ഓളം നെല്ലിനകളെ വീണ്ടും പുനരുജ്ജീവിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയും ആര്‍ജിസിബി നടപ്പിലാക്കി വരുന്നുണ്ടെന്നും പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

സെന്‍ട്രല്‍ ജയില്‍ ജോയിന്‍റ് സൂപ്രണ്ട് എഐ ഷാന്‍, പ്രൊഫ. സി ടി വര്‍ഗീസ്, വെല്‍ഫെയര്‍ ഓഫീസര്‍ രേഖ കെ നായര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

.
 

Photo Gallery