കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഇന്‍ഫ്യൂസറിയുടെ എആര്‍ ക്ളാസ്റൂം മഹാരാഷ്ട്രയിലെ 121 ആദിവാസി സ്കൂളുകളില്‍

Kochi / July 9, 2025

 

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡീപ് ടെക് സ്റ്റാര്‍ട്ടപ്പായ ഇന്‍ഫ്യൂസറി മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് 121 ആദിവാസി സ്കൂളുകളില്‍ ഓഗ്മെന്‍റഡ് റിയാലിറ്റി (എആര്‍) അധിഷ്ഠിത പഠന ഉപകരണങ്ങള്‍ അവതരിപ്പിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ട്രൈബല്‍ സ്കൂള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ്  പദ്ധതി നടപ്പാക്കുന്നത്.

നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ്, ഗണിതം, പരിസ്ഥിതി പഠനം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ പാഠ്യപദ്ധതിക്ക് അനുയോജ്യമായ ത്രിഡി മോഡലുകളുടെ സമഗ്ര ലൈബ്രറി ഇന്‍ഫ്യൂസറി ട്യൂട്ടര്‍(TutAR) ആപ്പ് വഴി ലഭ്യമാകും.

2018-ല്‍ കോട്ടയം സ്വദേശി തോംസണ്‍ ടോമും തൃശൂര്‍ സ്വദേശി ശ്യാം പ്രദീപ് ആലിലും ചേര്‍ന്ന് ആരംഭിച്ച ഇന്‍ഫ്യൂസറി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയോടെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പായാണ് തുടക്കം കുറിച്ചത്.

പാഠഭാഗങ്ങള്‍ ത്രിഡി മോഡലുകളായി കാണാനും, അതുമായി നേരിട്ട് സംവദിക്കാനും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഇത് സഹായിക്കുന്നുവെന്ന് തോംസണ്‍ ടോം പറഞ്ഞു. ഉദാഹരണത്തിന്, മനുഷ്യ ഹൃദയം പഠിക്കുമ്പോള്‍ അതിന്‍റെ ത്രിഡി മോഡല്‍ തുറന്ന് ഓരോ ഭാഗവും വ്യക്തമായി കാണാനും, വിശദീകരിക്കാനും കഴിയും. ഇതു വഴി പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കാനും  സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിവാസി മേഖലകളിലെ പല സ്കൂളുകളും മോശം ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി, നൂതന ക്ലാസ് റൂം ഉപകരണങ്ങളുടെ കുറവ് തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ശ്യാം പ്രദീപ് പറഞ്ഞു. ഇത് നേരിടുന്നതിന് പ്രതികൂലമായ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ട്യൂട്ടര്‍ പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്. വൈഫൈയോ, മൊബൈല്‍ ഡാറ്റയോ ആവശ്യമില്ലാതെ ഈ ആപ്പ് പൂര്‍ണ്ണമായും ഓഫ്ലൈനില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഫ്യൂസറി വികസിപ്പിച്ചെടുത്ത ഓണ്‍സ്ക്രീന്‍ എആര്‍ സാങ്കേതികവിദ്യയാണ് ട്യൂട്ടറിന് കരുത്ത് നല്‍കുന്നത്. പ്രത്യേക ഹാര്‍ഡ്വെയര്‍ ആവശ്യമില്ലാതെ, എളുപ്പത്തില്‍ ഏത് ഉപകരണത്തിലും എആര്‍ അനുഭവം സാധ്യമാക്കുന്നു. മൊബൈല്‍ ടാബ്ലറ്റ്, പ്രൊജക്ടര്‍, ഇന്‍ററാക്ടിവ് പാനല്‍ എന്നിവയിലൂടെ ക്ലാസ് റൂമുകളില്‍ എളുപ്പം എആര്‍ അനുഭവവേദ്യമാക്കാനാകും.
 
ഇന്ന്, ഇന്ത്യയിലും വിദേശത്തുമായി 5,000-ത്തിലധികം സ്കൂളുകളിലും ഒരു ലക്ഷംത്തോളം അധ്യാപകരും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

മഹാരാഷ്ട്രയിലെ ഈ പദ്ധതി പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ ആധുനികമാക്കാന്‍ പുതിയ വഴിയൊരുക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം എന്‍ഇപി 2020 ലക്ഷ്യം വയ്ക്കുന്നതു പോലെ, പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പഠനം കൂടുതല്‍ ലളിതവും കുട്ടികള്‍ക്ക് ആകര്‍ഷകവുമാക്കുകയാണ് ഉദ്ദേശ്യം. ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

Photo Gallery

+
Content