ജര്‍മ്മന്‍ പ്രാവീണ്യ പരീക്ഷ എഴുതുന്നവര്‍ വ്യാജസന്ദേശങ്ങളാല്‍ വഞ്ചിക്കപ്പെടരുത്: ഗൊയ്ഥെ-സെന്‍ട്രം

Trivandrum / July 9, 2025

തിരുവനന്തപുരം: ജര്‍മ്മന്‍ പ്രാവീണ്യ പരീക്ഷകള്‍ക്ക് ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള കേന്ദ്രങ്ങളില്‍ സീറ്റുകള്‍ ഉറപ്പാക്കാമെന്ന വ്യാജേന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.


ചില വ്യക്തികള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ വാട് സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഗൊയ്ഥെ-സെന്‍ട്രം എത്തിയത്.

പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ശരിയാണോ എന്നറിയാന്‍ താല്പര്യമുള്ളവര്‍ വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ഗൊയ്ഥെ സെന്‍ട്രത്തെ സമീപിക്കുന്നുണ്ട്.

ഗൊയ്ഥെ-സെന്‍ട്രവുമായി ബന്ധമുണ്ടെന്നും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ സീറ്റുകള്‍ വളരെ എളുപ്പത്തില്‍ നേടിയെന്നും ബാഹ്യ ഏജന്‍റുമാര്‍ അവകാശപ്പെടുന്നു.

തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന വ്യാജ ഏജന്‍റുമാരുടെ ഇരകളായി പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ മാറരുതെന്ന് ഗൊയ്ഥെ സെന്‍ട്രം ഡയറക്ടറും ജര്‍മ്മനിയുടെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം അറിയിച്ചു.

ജര്‍മ്മന്‍ പരീക്ഷാ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കുമായി  www.german.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്ദര്‍ശിക്കാനാകും. ഗൊയ്ഥെ-സെന്‍ട്രം ഓഫീസില്‍ നേരിട്ടെത്തിയും വിവരങ്ങള്‍ അന്വേഷിക്കാം. പരീക്ഷാ രജിസ്ട്രേഷനുകള്‍ക്കായി ഒരു ബാഹ്യ ഏജന്‍സിയെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo Gallery