അനലിസ്റ്റര്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Trivandrum / July 4, 2025
തിരുവനന്തപുരം: സോഫ്റ്റ് വെയര്‍ ഡെവലപ്പിംഗ് കമ്പനിയായ അനലിസ്റ്റര്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് ഫേസ് 1 കാമ്പസിലെ എസ്ടിപിഐ (സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്സ് ഓഫ് ഇന്ത്യ) കെട്ടിടത്തിലാണ് ഓഫീസ്.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്പനി സിഇഒ മുഹമ്മദ് സലിം, എസ്ടിപിഐ അഡീഷണല്‍ ഡയറക്ടര്‍ മഹേഷ് എം നായര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
കോഴിക്കോട് സൈബര്‍ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനലിസ്റ്റര്‍ ടെക്നോളജീസ് എന്‍ഇടി, റിയാക്ട്, മോഡേണ്‍ ഡവലപ്മെന്‍റ് സ്റ്റാക്ക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വ്യവസായ വളര്‍ച്ചയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സോഫ്റ്റ് വെയര്‍ സൊല്യൂഷനുകള്‍ നല്‍കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
അനലിസ്റ്റര്‍ പോലുള്ള കമ്പനികള്‍ പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം നഗരവും ടെക്നോപാര്‍ക്കും തെരഞ്ഞെടുക്കാന്‍ താത്പര്യപ്പെടുന്നത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ സാധ്യതകളെയാണ് കാണിക്കുന്നതെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. നഗരത്തോടൊപ്പം ടെക്നോപാര്‍ക്കും ആനുപാതികമായി വികസിക്കുകയാണ്. ടെക്നോപാര്‍ക്കില്‍ നിലവില്‍ 500 കമ്പനികളുണ്ട്. ടെക്നോപാര്‍ക്ക് ഫേസ് 3, 4 കാമ്പസുകളില്‍ നിരവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കമ്പനികള്‍ക്ക് നിക്ഷേപം ആകര്‍ഷിക്കാനും വളരാനുമുള്ള സാഹചര്യം തിരുവനന്തപുരം നഗരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറക്കുന്നത് സ്വപ്നസാക്ഷാത്കാരമാണെന്നും ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തിലെ മുന്നേറ്റത്തെ കാണിക്കുന്നുവെന്നും അനലിസ്റ്റര്‍ സിഇഒ മുഹമ്മദ് സലിം പറഞ്ഞു. ടെക്നോപാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന അവസരങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്വാളിറ്റി അഷ്വറന്‍സ്, ടെലികോം, ഹെല്‍ത്ത്കെയര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ക്ക് അനലിസ്റ്റര്‍ ഗുണനിലവാരമുള്ള സേവനം നല്‍കിവരുന്നു.
സിഒഒ ഗിരീഷ് കുമാര്‍ പി.എ, സിക്യുഒ സായ് ഗണേഷ് എസ്, ടെക്നിക്കല്‍ ഡയറക്ടര്‍ ശ്രീലാല്‍, മെന്‍റര്‍ ബ്രജേഷ് സി കൈമള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Photo Gallery
