ട്രിമ 2025 മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ജൂലൈ 30, 31 ന് തിരുവനന്തപുരത്ത്
ടിഎംഎ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു
Trivandrum / July 2, 2025
തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന ട്രിമ 2025 വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ജൂലൈ 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹോട്ടല്‍ ഒ ബൈ താമരയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍റെ പ്രമേയം 'ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് - നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്' എന്നതാണ്. സമ്മേളനത്തിന്‍റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു.
1985 ല്‍ സ്ഥാപിതമായ ടിഎംഎ മാനേജ്മെന്‍റ് മികവ് പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം വളര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധരായ സിഇഒമാര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. അഖിലേന്ത്യാ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
കേരളത്തെ ബാധിക്കുന്ന നിര്‍ണായക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള വേദിയായി ട്രിമ 2025 മാറും. മാനേജ്മെന്‍റ്-വ്യവസായ പ്രമുഖര്‍, നയരൂപീകരണ-അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദ്രുത സാങ്കേതിക മാറ്റങ്ങള്‍ സ്വീകരിക്കുന്നതിനും നവീകരണവും സംരംഭകത്വവും വളര്‍ത്തുന്നതിനും നിര്‍ണായക സാമൂഹിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള കാഴ്ചപ്പാടുകളുടെ പ്രാധാന്യം പരിപാടി മുന്നോട്ടുവയ്ക്കും.
'ഊര്‍ജ്ജസ്വലമായ നേതൃത്വത്തിനായി മാറ്റങ്ങളെയും നവീകരണത്തെയും സ്വീകരിക്കല്‍', 'ടെക് ഡിസ്റപ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ എവല്യൂഷന്‍: എഐ, ഓട്ടോമേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി 4.0', 'സാമൂഹ്യക്ഷേമം സാധ്യമാക്കുന്നതിനായുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യല്‍', 'ആഗോള വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പങ്ക്', 'ഇറ്റ്സ് ആള്‍ എബൗട്ട് ഇന്നൊവേഷന്‍ സക്സസ് ആന്‍ഡ് ഗ്രോത്ത്' എന്നിവ ട്രിമ 2025 ലെ പ്രധാന സെഷനുകളില്‍ ഉള്‍പ്പെടുന്നു. വ്യവസായ സമൂഹത്തിന്‍റെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചയ്ക്കായുള്ള പ്രധാന വിഷയങ്ങള്‍ തിരഞ്ഞെടുത്തത്. വിവിധ മേഖലകളിലുമുള്ള സംഘടനകള്‍ക്ക് സമ്മേളനം ആകര്‍ഷകവും പ്രയോജനകരവുമാകാന്‍ ഇത് സഹായിക്കും.
ശാസ്ത്രം, മാനേജ്മെന്‍റ്, സാങ്കേതികവിദ്യ, സാമൂഹിക വികസനം എന്നിവ തമ്മിലുള്ള വൈജ്ഞാനിക കൈമാറ്റത്തിനുള്ള വേദിയായി ട്രിമ 2025 മാറും. വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റേഴ്സ് തുടങ്ങിയവര്‍ പ്രതിനിധികളുമായി കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. നവീകരണവും സാമൂഹിക ഉത്തരവാദിത്തവും പ്രയോജനപ്പെടുത്തുന്നതിന് ഇത് പ്രതിനിധികളെ സഹായിക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷനും വിശദാംശങ്ങള്‍ക്കും: https://trima.conferenceprime.com/auth/register
സമ്മേളനത്തിന്‍റെ ഭാഗമായി കമ്പനികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും ടിഎംഎ-സിഎസ്ആര്‍ അവാര്‍ഡിനും, സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ടിഎംഎഅദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചിരുന്നു.