മില്‍മയുടെ കന്നുകുട്ടി ദത്തെടുക്കല്‍ എന്‍റോള്‍മെന്‍റ് തുടങ്ങി

തിരുവനന്തപുരം യൂണിയന്‍ ഈ വര്‍ഷം മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകളും 40 കുത്തിവയ്പ് കേന്ദ്രങ്ങളും ആരംഭിക്കും
Trivandrum / August 12, 2022

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം യൂണിയന്‍റെ 2022-23 വര്‍ഷത്തെ കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയായ 'ഗോവര്‍ദ്ധിനി'യിലേക്കുള്ള കന്നുകുട്ടികളുടെ എന്‍റോള്‍മെന്‍റ് ആരംഭിച്ചു. വെള്ളൂര്‍ക്കോണം ക്ഷീര സഹകരണ സംഘത്തില്‍ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍റെ കീഴിലുള്ള നാല് ജില്ലകളിലായി 3500 കന്നുകുട്ടികളെ ദത്തെടുത്ത് ശാസ്ത്രീയ പരിപാലനം ഉറപ്പുവരുത്തുന്നതിനായി ആദ്യപ്രസവം വരെ പകുതി വിലയ്ക്ക് കാലിത്തീറ്റയും അനുബന്ധ സഹായങ്ങളും നല്‍കുന്നതാണ് പദ്ധതി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകം തയ്യാര്‍ ചെയ്ത 'കാഫ് ഗ്രോത്ത് മീല്‍' ആണ് ഈ വര്‍ഷം വിതരണം ചെയ്യുന്നത്. ആകെ 4.50 കോടി രൂപയാണ് ഈ പദ്ധതിയുടെ മുതല്‍മുടക്ക്. കഴിഞ്ഞ വര്‍ഷത്തെ കന്നുകുട്ടികള്‍ക്ക് 2.5 കോടി രൂപ ചെലവില്‍ തുടര്‍ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ട്.

പാല്‍ സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പുവര്‍ഷത്തേക്ക് യൂണിയന്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എന്‍.ഭാസുരാംഗന്‍ പറഞ്ഞു. 21 കോടിയോളം രൂപയുടെ കര്‍ഷക സഹായ പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും. ഇന്‍സെന്‍റീവ്, കാലിത്തീറ്റ സബ്സിഡി, അധിക പാല്‍വില, എന്നിവ സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളും. 2025 ഓടെ പ്രതിദിനം 5 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മൃഗചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ നടപ്പുവര്‍ഷത്തെ പ്രധാന പദ്ധതികളിലൊന്നാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ സാങ്കേതിക സംവിധാനം മുഖേനയാണ് ഈ ചികിത്സാ സംവിധാനം നടപ്പിലാക്കുന്നത്.  കൃത്രിമ ബീജദാന സംവിധാനം കാര്യക്ഷമമാക്കുന്നതിന് 40 കുത്തിവയ്പ് കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വന്ധ്യതാ നിവാരണത്തിന് 100 ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍, സബ്സിഡി നിരക്കില്‍ സൈലേജ് വിതരണം എന്നിവയാണ് ഈ വര്‍ഷത്തെ മറ്റു പദ്ധതികള്‍. ചെറുകിട ക്ഷീര സംഘങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ഉണര്‍വ് പദ്ധതി ഈ വര്‍ഷവും തുടരും.

Photo Gallery

+
Content