അന്തര്‍ദേശീയ യോഗദിനം ആചരിച്ച് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍
Thrissur / June 24, 2025
തൃശ്ശൂര്‍: ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ ടെക്കീസ് ക്ലബ്ബ് അന്തര്‍ദേശീയ യോഗദിനം ആചരിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇഷാ ഫൗണ്ടേഷന്‍റെ യോഗ ക്രമമാണ് പരിശീലിച്ചത്.
വിവിധ ശരീരഭാഗങ്ങള്‍ക്കായുള്ള യോഗാഭ്യാസങ്ങളും മാനസിക ആന്തരിക സൗഖ്യത്തിനായുള്ള യോഗ ധ്യാനരീതികളുമാണ് പരിപാടിയില്‍ അവതരിപ്പിച്ചത്. യോഗനമസ്കാരം, സിംഹക്രിയ തുടങ്ങിയ യോഗമുറകളും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി ശ്വസനപ്രക്രിയ നിയന്ത്രിച്ചുള്ള ധ്യാനവുമാണ് ജീവനക്കാര്‍ക്കിടയില്‍ പരിശീലിപ്പിച്ചത്.
ജീവനക്കാരുടെ താല്‍പര്യമനുസരിച്ച് വരും ദിവസങ്ങളില്‍ യോഗ പരിശീലനത്തിനുള്ള സ്ഥിരം സംവിധാനം ഒരുക്കുന്ന കാര്യം ആലോചിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബ്ബ് ഭാരവാഹികളായ ജോസ് ആന്‍റോ, ജോമി ജോണ്‍സണ്‍, കിരണ്‍ കെ ആര്‍, മഹേഷ് കുമാര്‍ വി കെ എന്നിവര്‍ അറിയിച്ചു.