എംഎസ്എംഇ ദിനാഘോഷം: സംരംഭകത്വ ബോധവത്കരണത്തിനായി ക്വിസ് മത്സരം ഉള്‍പ്പെടെ വിവിധ പരിപാടികള്‍
Trivandrum / June 24, 2025
തിരുവനന്തപുരം: അന്താരാഷ്ട്ര എംഎസ്എംഇ ദിനമായ ജൂണ്‍ 27 ന് സംസ്ഥാന വ്യാപകമായി വിവിധ പരിപാടികള്‍. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്‍റെയും 'കേര' (കേരള ക്ലൈമറ്റ് റെസീലിയന്‍റ് അഗ്രി വാല്യു ചെയിന്‍) പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് ക്വിസ് മത്സരം അടക്കം വിപുലമായി സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ വ്യവസായ സംസ്ഥാനത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച് പുതുതലമുറയ്ക്ക് അവബോധമുണ്ടാകുന്നതിനായി നടത്തുന്ന ക്വിസ് മത്സരത്തില്‍ കോളേജ് തലത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ ബിരുദം/പിജി/ഡിപ്ലോമ/ഐറ്റിഐ തുടങ്ങിയ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
കൂടാതെ, ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. താലൂക്ക് തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംവാദങ്ങളും ബോധവത്കരണ പരിപാടികളും നടക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംരംഭക കൂട്ടായ്മകളും ഒരുക്കിയിട്ടുണ്ട്.
യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുകയും ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ എംഎസ്എംഇ ദിനാഘോഷത്തിന്‍റെ മുഖ്യ പ്രമേയം.
'മൂല്യവര്‍ദ്ധിത കാര്‍ഷിക/വ്യവസായ ഉത്പാദന ഉദ്യമങ്ങള്‍', 'കാലാവസ്ഥാ വ്യതിയാനവും പ്രതിരോധത്തിലൂന്നിയ കൃഷിയും' എന്നീ വിഷയങ്ങളില്‍ സെമിനാര്‍, സംരംഭകത്വത്തില്‍ മികവ് തെളിയിച്ച മുതിര്‍ന്നവരെയും യുവ ഗവേഷകരെയും ആദരിക്കല്‍, 'വ്യവസായ ജാലകം 2025' എന്ന കൈപ്പുസ്തക പ്രകാശനം എന്നിവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 27 ന് തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പങ്കെടുക്കുകയും വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്യും വ്യവസായ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്കരണ മേഖലയിലുള്ള എംഎസ്എംഇകള്‍ക്ക് ലോകബാങ്കിന്‍റെ സഹകരണത്തോടെ ധനസഹായം നല്‍കുന്ന പദ്ധതിയുടെ ധാരണാപത്രം ചടങ്ങില്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും 'കേര' പ്രോജക്ടും തമ്മില്‍ ഒപ്പുവയ്ക്കും.
ജില്ലാതലത്തില്‍ സംരംഭകരുമായി സംവാദങ്ങള്‍, പ്രശ്നോത്തരി മത്സരം, കരകൗശല മത്സരത്തില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്ത പരമ്പരാഗത വ്യവസായ മേഖലയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍മാരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ഗുണകരമാകും.
ക്വിസ് മത്സരത്തിന്‍റെ ജില്ലാതല പ്രാഥമിക മത്സരം ഇന്ന് (24-06-2025) നടന്നു. വിജയികളാകുന്ന 14 ടീമുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ടീമുകളും തിരുവനന്തപുരത്ത് വച്ച് 26 ന് നടക്കുന്ന സെമി ഫൈനലില്‍ ഏറ്റുമുട്ടും. സെമി ഫൈനലില്‍ വിജയികളാകുന്ന നാല് ടീമുകള്‍ക്ക് 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം.
50,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5000 രൂപ വീതം സമ്മാനമായി ലഭിക്കും.
പൊതുവിജ്ഞാനം, വ്യവസായ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍, നടപ്പാക്കി വരുന്ന പദ്ധതികള്‍, മൂല്യവര്‍ധിത കാര്‍ഷിക/ വ്യവസായ ഉത്പാദന ഉദ്യമങ്ങള്‍, തോട്ടം വ്യവസായവും പുതിയ വ്യവസായ നയവും എന്നിവ സംബന്ധിച്ചായിരിക്കും ചോദ്യങ്ങള്‍.
കാര്‍ഷിക മേഖലയില്‍ നവീന ആശയങ്ങള്‍ നടപ്പാക്കുന്നതിനായി കൃഷി വകുപ്പിന്‍റെ കേര പദ്ധതിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ( കെഎസ്‌യുഎം) അടുത്തിടെ കരാറില്‍ ഒപ്പുവച്ചിരുന്നു.