മൂന്നാര്‍ ദേവികുളം സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ നവീകരണം; ഒരു കോടി 12 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Idukki / June 26, 2025

ഇടുക്കി: മൂന്നാര്‍,ദേവികുളം എന്നിവിടങ്ങളിലെ ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ നവീകരിക്കുന്നതിന് 1,12,75,000 രൂപ അനുവദിച്ച് സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവിറക്കി. മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്.

ലോകത്തിലെ തന്നെ മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളായ മൂന്നാറിലും ദേവികുളത്തും കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളില്‍ താമസിച്ച് ഒഴിവുകാലം ആസ്വദിക്കാന്‍ ഈ നവീകരണ പ്രവൃത്തികളിലൂടെ സാധിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയതിലൂടെ മികച്ച വരുമാനവും ഖജനാവിനുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് മൂന്നാറിലെയും ദേവികുളത്തെയും നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മൂന്നാറില്‍ നിലവിലുള്ള കെട്ടിടത്തിന്‍റെ നവീകരണം, ഗാര്‍ഡ് റൂം, സമ്പൂര്‍ണ വൈദ്യുതീകരണം, സൂചകങ്ങള്‍ എന്നിവയാണ് പ്രധാന പ്രവൃത്തികള്‍. നവീകരണ പ്രവൃത്തികള്‍ എട്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്.

ദേവികുളത്ത് കെട്ടിട നിര്‍മ്മാണം, ഭൂഗര്‍ഭ ജലസംഭരണി, പൊതു ശൗചാലയങ്ങള്‍, വൈദ്യുത അറ്റകുറ്റപ്പണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ആറുമാസത്തിനുള്ളില്‍ ദേവികുളത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Photo Gallery