ടെക്നോപാര്‍ക്കിലെ ഫയയുടെ പുതിയ പദ്ധതി ബിയോണ്ട് ഫയ: 80 ഇന്ന് തുടങ്ങും

ടെക് സെമിനാര്‍ പരമ്പര ലോകമാകെ വ്യാപിപ്പിക്കും
Trivandrum / June 27, 2025

തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഫയ, ബിയോണ്ട് ഫയ: 80 എന്ന പേരിലുള്ള പുതിയ അറിവ് പങ്കിടല്‍ കൂട്ടായ്മയ്ക്ക് ഇന്ന് (ജൂണ്‍ 28) ടെക്നോപാര്‍ക്കില്‍ തുടക്കമിടും. ഒരു ദശാബ്ദമായി നടന്നുവരുന്ന പ്രതിമാസ ടെക് സെമിനാര്‍ പരമ്പരയായ ഫയ:80 (ഫയ പോര്‍ട്ട് 80) ന്‍റെ പുതിയ പതിപ്പാണിത്.

ബിയോണ്ട് ഫയ:80 എന്ന ഈ കൂട്ടായ്മ ലോകത്തിലെ വിവിധ നഗരങ്ങളിലേക്കും കോളേജുകളിലേക്കും വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്.  പോര്‍ട്ട് 80 എന്ന പേരില്‍ നടക്കുന്ന പരിപാടികള്‍ എഐ, റോബോട്ടിക്സ്, സൈബര്‍ സുരക്ഷ, ഡാറ്റാ സയന്‍സ് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

രാവിലെ 10 ന് ടെക്നോപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍  rediff.com സ്ഥാപകന്‍ അജിത് ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.

കമ്മ്യൂണിറ്റി ലേണിംഗ്, സംരംഭകത്വം, സാങ്കേതിക ആവാസവ്യവസ്ഥ എന്നിവയുടെ ഭാവി സംബന്ധിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനങ്ങള്‍ ബ്രേക്ക്ഔട്ട് സെഷനുകള്‍ എന്നിവയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പോര്‍ട്ട് 80 പദ്ധതിയുടെ വിശദവിവരങ്ങളും വിപുലീകരണത്തിന്‍റെ ഭാഗമായ റോഡ് മാപ്പും അവതരിപ്പിക്കും.

കേരളം, ബ്ലാംഗ്ലൂര്‍, ലോകത്തിലെ മറ്റ് വലിയ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പോര്‍ട്ട് 80 ആദ്യഘട്ടം പ്രവര്‍ത്തനം തുടങ്ങും.

ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും ചെറിയ സമൂഹങ്ങള്‍ കെട്ടിപ്പടുത്തുക എന്നതാണ് ഈ പുതിയ പതിപ്പിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫയ ഇന്ത്യ എംഡിയും ഫയ: 80 സ്ഥാപകനുമായ ദീപു എസ് നാഥ് പറഞ്ഞു. അതാത് സ്ഥലങ്ങളിലെ സംഘാടകര്‍ക്ക് സ്റ്റാര്‍ട്ടര്‍ കിറ്റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖയും നിര്‍ദേശങ്ങളും നല്‍കും.

പുതിയ പോര്‍ട്ട് 80 ല്‍ ടെക് ബൈറ്റ്സ് എന്ന ലളിതമായ ഫോര്‍മാറ്റില്‍ സാങ്കേതിക അപ്ഡേറ്റുകളും വിദഗ്ധരുടെ ക്ലാസുകളും ഉണ്ടാകും.

ഇന്ത്യന്‍ ഐടി വ്യവസായത്തിന്‍റെ നേതൃനിരയിലുള്ള വിദഗ്ധരാണ് എല്ലാ മാസവും ഒരു ബുധനാഴ്ച നടക്കുന്ന സെമിനാറിന് നേതൃത്വം നല്‍കുന്നത്. അറിവ് പങ്കിടുന്നതിനൊപ്പം ജിജ്ഞാസയും നവീനതയുമുള്ള സമൂഹത്തെയും സംസ്കാരത്തെയും കെട്ടിപ്പടുക്കുക എന്നതാണ് ഫയ:80 ലക്ഷ്യമിടുന്നത്.

2012 ലാണ് ഫയ:80 പ്രവര്‍ത്തനം തുടങ്ങിയത്. ഡെലവപ്പര്‍മാര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഒരുമിപ്പിച്ച് കൂട്ടി സാങ്കേതികവിദ്യകളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും അറിവ് പങ്കുവയ്ക്കലും ഇതിലൂടെ നടക്കുന്നു. 20,000 ത്തിലധികം പങ്കാളികളെ ഉള്‍പ്പെടുത്തി 200 ലധികം സെഷനുകളും 224 പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.fayaport80.com  സന്ദര്‍ശിക്കുക

Photo Gallery