സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡേറ്റാ എന്‍ജിനീയറിംഗ് ആരംഭിക്കാന്‍ മിറ്റ്സില്‍ നിക്ഷേപം നടത്തി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Trivandrum / June 17, 2025

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്, കൊച്ചിയിലെ ഡാറ്റാ എഞ്ചിനീയറിംഗ് സ്ഥാപനമായ മിറ്റ്സ് എഐ മൈന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി. ഡാറ്റാ എഞ്ചിനീയറിംഗ്, ഡാറ്റാഓപ്സ് എന്നിവയ്ക്കായി സെന്‍റര്‍ ഓഫ് എക്സലന്‍സ് സംയുക്തമായി ആരംഭിക്കാനാണ് ഈ നിക്ഷേപം.

റിഫ്ളക്ഷന്‍സിന്‍റെ ആഗോള ഉപഭോക്താക്കള്‍ക്ക് ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളും മികച്ച ഡാറ്റാ മാനേജ്മെന്‍റും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുന്നതിന് ഈ സംരംഭം സഹായകമാകും.

ഭാവിക്ക് അനുയോജ്യമായ ഡിജിറ്റല്‍ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിന് ഈ നിക്ഷേപം ഗുണം ചെയ്യുമെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സിഇഒ ദീപ സരോജമ്മാള്‍ പറഞ്ഞു. ഡാറ്റാ എഞ്ചിനീയറിംഗിലെ മിറ്റ്സിന്‍റെ മികവ് ഞങ്ങളുടെ സാങ്കേതിക ശേഷികള്‍ക്ക് കരുത്ത് പകരും. ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതായും അവര്‍ പറഞ്ഞു.

യുഎസ്, ഇന്ത്യ, ബഹ്റൈന്‍, ഖത്തര്‍, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്ക് ആസ്ഥാനമായ മുന്‍നിര നൂതന സാങ്കേതിക സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.

മിറ്റ്സിന്‍റെ ഡാറ്റാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കോണ്ടുപോകുന്നതില്‍ ഈ നിക്ഷേപം ഒരു സുപ്രധാന ചുവടുവയ്പാണെന്ന് മിറ്റ്സ് എഐ മൈന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ റോബിന്‍ ജോയ് പറഞ്ഞു. റിഫ്ളക്ഷന്‍സിന്‍റെ സാങ്കേതിക സേവനങ്ങളില്‍ വലിയ മാറ്റത്തിന് ഇത് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ലോകത്തിലെ ഏറ്റവും മുന്തിയ ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണം സാധ്യമാക്കുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ്.  റീട്ടെയില്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത്കെയര്‍, ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഓട്ടോമോട്ടീവ്, മീഡിയ, എന്‍റര്‍ടൈന്‍മെന്‍റ് എന്നിവയില്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഡാറ്റ സയന്‍സ് ആന്‍റ് അനലിറ്റിക്സ്, എഐ/ മെഷീന്‍ ലേണിംഗ്, ക്ലൗഡ്, ഹൈപ്പര്‍ ഓട്ടോമേഷന്‍, സൈബര്‍ സുരക്ഷ, ആപ്പ് ആന്‍റ് പ്രൊഡക്റ്റ് ഡെവലപ്മെന്‍റ്, ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ് സൊല്യൂഷനുകള്‍ തുടങ്ങിയ സേവനങ്ങളാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ലഭ്യമാക്കുന്നത്.

ഡിലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസില്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായ-സാങ്കേതിക മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധരുടെ ഒരു സംഘമാണ്.

Photo Gallery