ആംനെസ്റ്റി സെമിനാറില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യാപാരി, വ്യവസായി സമൂഹവുമായി സംവദിക്കും

സെമിനാര്‍ ഇന്ന് (ജൂണ്‍ 18) തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍
Trivandrum / June 17, 2025

തിരുവനന്തപുരം: വ്യാപാരികളുടെ നികുതി കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍  പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയെക്കുറിച്ചും,  വിവിധ വ്യാപാരി ക്ഷേമ പദ്ധതികളെക്കുറിച്ചും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും വ്യാപാരി ക്ഷേമ ബോര്‍ഡും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍  ഇന്ന് (ജൂണ്‍ 18 ബുധന്‍) ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സെമിനാര്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയെക്കുറിച്ച് വ്യാപാരി, വ്യവസായി സമൂഹവുമായി മന്ത്രി സംവദിക്കും.

 ഫെബ്രുവരിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ നാല് തരം ആംനെസ്റ്റി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനറല്‍ അംനെസ്റ്റി, ഫ്ളഡ് സെസ് ആംനെസ്റ്റി ബാര്‍ ഹോട്ടല്‍ ആംനെസ്റ്റി ഡിസ്റ്റിലറി അരിയര്‍ സെറ്റില്‍മെന്‍റ് സ്കീം എന്നിവയാണിത്. ജി.എസ്.ടി നിയമം നിലവില്‍ വരുന്നതിനു മുന്‍പുള്ള നികുതി നിയമങ്ങളുമായി  ബന്ധപ്പെട്ട  കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ജനറല്‍ ആംനെസ്റ്റി 2025.

സെമിനാറിനെ തുടര്‍ന്ന് വിവിധ വ്യാപാരി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം നടക്കും. വ്യാപാരികള്‍ക്ക് ആംനെസ്റ്റി പദ്ധതിയെക്കുറിച്ചും വിവിധ ക്ഷേമ പദ്ധതികളെയും കുറിച്ചുമുള്ള സംശയനിവാരണത്തിനായി ഹെല്‍പ്പ് ഡെസ്കുകളും സജ്ജീകരിക്കുന്നുണ്ട്.

നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാല്‍ ഐ.എ.എസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍  അജിത് പാട്ടീല്‍ ഐ.എ.എസ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സ്പെഷ്യല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ എസ്.  ഐ.ആര്‍.എസ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ആര്‍. ശ്രീലക്ഷ്മി ഐ.എ.എസ്, വ്യാപാരി ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റുമായ രാജു അപ്സര, വ്യാപാരി ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇ.എസ് ബിജു, വ്യാപാരി ക്ഷേമ ബോര്‍ഡ് സി.ഇ.ഒ വിനീത് കൃഷ്ണ യു എന്നിവര്‍ പങ്കെടുക്കും.

ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ആംനെസ്റ്റി പദ്ധതി വ്യാപാര മേഖലയ്ക്ക് പുതിയ ഉത്തേജനം നല്‍കാന്‍  സഹായകമാണ്. ജനറല്‍ ആംനെസ്റ്റി പദ്ധതി പ്രകാരം  കേരള മൂല്യവര്‍ധിത നികുതി നിയമം, കേരള നികുതിയിന്‍മേലുള്ള സര്‍ചാര്‍ജ് നിയമം, കേരള കാര്‍ഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്‍പ്പന നികുതി നിയമം എന്നീ മുന്‍കാല നിയമങ്ങള്‍ പ്രകാരമുള്ള നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന് അവസരം നല്‍കും.


ജനറല്‍ ആംനെസ്റ്റി പദ്ധതിയില്‍ ഭാഗമാകുന്നവര്‍ക്ക് കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും പിഴയിലും പലിശയിലും പൂര്‍ണ ഒഴിവും ലഭ്യമാകും. കുടിശ്ശിക തുകയുടെ അടിസ്ഥാനത്തില്‍ പദ്ധതിയെ മൂന്ന് സ്ലാബുകളായി തിരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി തുക ഇ-ട്രഷറി പോര്‍ട്ടലായ www.etreasury.kerala.gov.in വഴി അടച്ചതിനു ശേഷം അപേക്ഷ  2025 ജൂണ്‍ 30 നകം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ വെബ്സൈറ്റായ www.keralataxes.gov.in -ലാണ് സമര്‍പ്പിക്കേണ്ടത്.

2019 ആഗസ്റ്റ് മുതല്‍ 2021 ജൂലായ് വരെയുള്ള കാലയളവിലെ ഫ്ളഡ് സെസ് ഒടുക്കുവാന്‍ ബാക്കിയുള്ളവര്‍ 2025 ജൂണ്‍ 30 നുള്ളില്‍ ഇ-ട്രഷറി പോര്‍ട്ടലായ www.etreasury.kerala.gov.in വഴി കുടിശ്ശികയായ സെസ് ഒടുക്കി അസസിങ് അതോറിറ്റിയെ അറിയിച്ചാല്‍ ഫ്ളഡ് സെസ് ആംനെസ്റ്റി-2025 പ്രകാരം പലിശയും പിഴയും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്.

ബാര്‍ ഹോട്ടലുകാര്‍ 2005-06 മുതല്‍ 2020-21 വര്‍ഷം വരെയുള്ള എല്ലാ ടേണ്‍ഓവര്‍ ടാക്സ്  കുടിശ്ശികകളും തീര്‍പ്പാക്കാനായി പൂര്‍ണമായ ടേണ്‍ഓവര്‍ ടാക്സ് കുടിശ്ശികയും, സെസ്സും, പലിശയുടെ അന്‍പത് ശതമാനവും ഒടുക്കി അസസിങ് അതോറിറ്റി മുന്‍പാകെ  അപേക്ഷ സമര്‍പ്പിച്ചാല്‍ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതാണ്.

Photo Gallery