നിക്ഷേപ പ്രക്രിയ വേഗത്തിലാക്കാന്‍ കെസ്വിഫ്റ്റ് : നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം

Trivandrum / June 17, 2025

തിരുവനന്തപുരം: സംരംഭങ്ങള്‍ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനമായ കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സിന് (കെസ്വിഫ്റ്റ്) https://kswift.kerala.gov.in/index/ നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. കെസ്വിഫ്റ്റിന്‍റെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) സൂചികകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേരളത്തിനായെന്നതും ശ്രദ്ധേയം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) മുതല്‍ വന്‍കിട വ്യവസായങ്ങള്‍ വരെയുള്ള സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കുന്ന സമഗ്ര ഓണ്‍ലൈന്‍ പോര്‍ട്ടലാണ് കെസ്വിഫ്റ്റ് . പ്രൊഫഷണലുകള്‍, വ്യാപാരികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പുതുസംരംഭകര്‍ എന്നിവര്‍ക്കും കെസ്വിഫ്റ്റ്  ഉപയോഗപ്രദമാണ്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരില്‍ നിന്ന് കെ-സ്വിഫ്റ്റിന് പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചതെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി  പി. രാജീവ് പറഞ്ഞു. കേരളത്തിന്‍റെ വ്യാവസായികാന്തരീക്ഷത്തെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുതാര്യവുമാക്കി മാറ്റുന്നതിന് ഇത് സഹായകമാണ്. സംരംഭങ്ങള്‍ക്കാവശ്യമായ അംഗീകാര പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ കെസ്വിഫ്റ്റിലൂടെ ലക്ഷ്യമിടുന്നു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് (ഐകെജിഎസ്-2025) പോലുള്ള വേദികളില്‍ കെസ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ ഫലപ്രദമായ മാതൃകയായി പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ 446 താത്പര്യപത്രങ്ങളില്‍ നിന്നായി 1.80 ലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ചുകൊണ്ട് സംസ്ഥാനം വലിയ കുതിച്ചുചാട്ടം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രേഷനും ലൈസന്‍സിനുമുള്ള അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനും തൊഴില്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 22 ലധികം വകുപ്പുകളില്‍ നിന്നും ബോര്‍ഡുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളും ക്ലിയറന്‍സുകളും നേടുന്നതിനും കെസ്വിഫ്റ്റ് പ്രയോജനപ്പെടുത്താനാകും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുടെ തത്സമയ ട്രാക്കിംഗ്, സര്‍ട്ടിഫിക്കറ്റുകളുടെ ഡൗണ്‍ലോഡിംഗ്, പരിശോധനകളുടെ ഷെഡ്യൂള്‍ തിരഞ്ഞെടുക്കല്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയും കെസ്വിഫ്റ്റിലൂടെ സാധ്യമാകും.

Photo Gallery