ഐബിഎസിന്‍റെ ദീര്‍ഘകാല പ്രവര്‍ത്തനവും വിജയവും കേരളത്തിലെ വ്യവസായസൗഹൃദ അന്തരീക്ഷത്തിന്‍റെ പ്രതിഫലനം : വി കെ മാത്യൂസ്

ഐബിഎസിന്‍റെ ദീര്‍ഘകാല പ്രവര്‍ത്തനവും വിജയവും കേരളത്തിലെ വ്യവസായസൗഹൃദ അന്തരീക്ഷത്തിന്‍റെ പ്രതിഫലനം : വി കെ മാത്യൂസ്
Kochi / August 11, 2022

കൊച്ചി: ആഗോള സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസിന്‍റെ അഭൂതപൂര്‍വ്വമായ വിജയം കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന ഇടതുപക്ഷ, ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ ഐടി വ്യവസായത്തിന് നല്‍കിയ ശക്തമായ പിന്തുണയുടെ പ്രതിഫലനമാണെന്ന് ഐബിഎസ് ഫൗണ്ടറും എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു. ഐബിഎസിന്‍റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


    1997 ല്‍ സ്വന്തം ഐടി കമ്പനിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ബാംഗ്ലൂരില്‍ തുടങ്ങാനാണ് സുഹൃത്തുക്കള്‍ ഉപദേശിച്ചത്. എന്നാല്‍ സ്വന്തം നാടിനോടുള്ള അളവറ്റ താത്പര്യം കാരണം തിരുവനന്തപുരത്ത് സംരംഭം തുടങ്ങാനായിരുന്നു തീരുമാനം. കേരളത്തില്‍ നിക്ഷേപം നടത്തുന്നതും ആ നിക്ഷേപത്തിലൂടെ തുടരുന്നതുമാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും ഉചിതമായ തീരുമാനമായിരുന്നെന്ന് വി കെ മാത്യൂസ് പറഞ്ഞു.


    ഐബിഎസ് തുടങ്ങാനായി വായ്പ ലഭിക്കാന്‍ വേണ്ടി ബാങ്കുകളെ സമീപിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. അതിന് രണ്ട് കാരണമായിരുന്നു. വായ്പയ്ക്ക് ആവശ്യമായ ഈട് നല്‍കാനുള്ള ആസ്തി കൈവശമില്ലായിരുന്നു. ഐടി സംരംഭങ്ങളുടെ ഭാവിയെക്കുറിച്ച് അവര്‍ക്ക് ബോധ്യമില്ലായിരുന്നു. പക്ഷേ ഐബിഎസിന് പ്രവര്‍ത്തന മൂലധനം നല്‍കാന്‍ കനറാ ബാങ്ക് തയ്യാറായതിന്‍റെ ഫലമായാണ് ഈ കമ്പനി ആരംഭിക്കാന്‍ കഴിഞ്ഞത്. 'അവരുടെ സമയോചിതമായ സഹായമില്ലായിരുന്നെങ്കില്‍ ഒരും സംരംഭകനാകാനുള്ള ആഗ്രഹങ്ങള്‍ തുടക്കത്തിലേ നിഷ്ഫലമായി പോയേനെ' മാത്യൂസ് പറഞ്ഞു.


    തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 8000 ചതുരശ്ര അടിയില്‍ നിന്നാണ് ഐബിഎസ് ഒരു ആഗോള സോഫ്റ്റ്വെയര്‍ പ്രൊഡക്ട് കമ്പനിയായുള്ള വിജയഗാഥ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹോട്ടല്‍ ശ്യംഖല, ക്രൂയിസ് എന്നിവയ്ക്ക് ശക്തിപകരുന്ന കമ്പനിയാണ് ഇന്ന് ഐബിഎസ്.


    ഐബിഎസ് നല്‍കുന്ന സൊല്യൂഷന്‍ ഈ കമ്പനികളെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഒരു നിമിഷത്തെ താമസം പോലും ഇവര്‍ക്ക് വമ്പിച്ച നഷ്ടം വരുത്തിയേക്കാം. പല വിമാനത്താവളങ്ങളിലുമുള്ള സങ്കീര്‍ണമായ കുഴപ്പങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഒരു സൊല്യൂഷനെക്കുറിച്ച് പാശ്ചാത്യ ഉപഭോക്താക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തുടക്കത്തില്‍ പ്രയാസമായിരുന്നു. ഇന്ന് ഐബിഎസിന് 40 രാജ്യങ്ങളിലായി 150 സജീവ ഉപഭോക്കാക്കളുണ്ട്. അതില്‍ ലോകത്തെ വലിയ 20 വിമാന കമ്പനികളില്‍ 14 എണ്ണവും ഉള്‍പ്പെടും. ലോകത്തെ വലിയ അഞ്ച് ആഢംബരക്കപ്പലുകളില്‍ രണ്ട് എണ്ണവും ഏറ്റവും വലിയ 5 എണ്ണക്കമ്പനികളില്‍ 4 എണ്ണവും 20 വലിയ ഹോട്ടല്‍ ശൃംഖലകളില്‍ 5 എണ്ണവും ഐബിഎസിന്‍റെ സേവനം ഉപയോഗിക്കുന്നു.


    വരാന്‍ പോകുന്നത് അവസരങ്ങളുടെ കാലമാണ്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് 2023 ഓടെ ലോകം പൂര്‍ണമായും മുക്തമാകുമെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് പല വിമാനത്താവളങ്ങളും വിമാനക്കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി. പക്ഷേ ഇന്ന് ആളുകള്‍ യാത്രചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന സാഹചര്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലെയും പല വിമാനത്താവളങ്ങളും സങ്കീര്‍ണതകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യം ഐബിഎസ് പോലുള്ള കമ്പനികള്‍ക്ക് ത്വരിതവേഗത്തില്‍ ഡിജിറ്റല്‍വത്കരണം ശക്തിപ്പെടുന്നതിലൂടെ പുതിയ അവസരം നേടാനാകും.


    എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ വി കെ മാത്യൂസ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്നാണ് എന്‍ജിനീയറിംഗ് ബിരുദം നേടിയത്. പിന്നീട് ഐഐടി കാണ്‍പൂരില്‍ നിന്നും എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ എംടെക് നേടി. ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍ നിന്ന് മാനേജ്മെന്‍റ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ഐടി വ്യവസായങ്ങളുടെ സംഘടനായ ജിടെക്കിന്‍റെ നിലവിലെ ചെയര്‍മാനാണ് മാത്യൂസ്.
 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content