കേരള ഇനോവേഷന്‍ ഫെസ്റ്റിവലില്‍ ജെന്‍ എഐ ഹാക്കത്തോണുമായി കെഎസ് യുഎം

'ഹാക്ക് ജെന്‍ എഐ' ലോഗോ നിവിന്‍ പോളി പുറത്തിറക്കി
Kochi / June 16, 2025

കൊച്ചി: പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് എഐ ഹാക്കത്തോണ്‍ ആയ ഹാക്ക് ജെന്‍ എഐയുടെ വെബ്സൈറ്റും ലോഗോയും പ്രശസ്ത നടന്‍ നിവിന്‍ പോളി പുറത്തിറക്കി.  കൊച്ചിയിലെ കെഎസ്യുഎം കാമ്പസില്‍ നടന്ന ചടങ്ങിലാണ് ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്.

 ജൂലായില്‍ നടക്കുന്ന കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന്‍റെ മുന്നോടിയായാണ് ഹാക്ക് ജെന്‍ എഐ സംഘടിപ്പിക്കുന്നത്. നടന്‍ നിവിന്‍ പോളിയുടെ പോളി ജൂനിയര്‍, സൂപ്പര്‍ ബ്രയന്‍ എന്നിവ ഇതുമായി സഹകരിക്കുന്നുണ്ട്.

ജൂലൈ 19, 20 തീയതികളില്‍ കളമശേരിയിലെ ടെക്നോളജി ഇനോവേറ്റീവ് സോണില്‍ നടക്കുന്ന ഹാക്ക് ജെന്‍ എഐ ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രതിഭകളെയും കണ്ടുപിടുത്തക്കാരെയും ഒരുമിപ്പിക്കാന്‍ അവസരമൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ആദ്യകാല സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ-അധിഷ്ഠിത പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ദേശീയ വേദിയായി ഇത് മാറും.

കേരളത്തിലെ നൂതന ഉദ്യമങ്ങള്‍ക്ക് കെഎസ് യുഎം നല്‍കുന്ന പിന്തുണയും സംഭാവനയും പ്രശംസനീയമാണെന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി. കെഎസ് യുഎമ്മുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികാധിഷ്ഠിത വികസനം, സുസ്ഥിര സംരംഭകത്വം എന്നിവയില്‍ കേരളത്തെ ദേശീയനേതൃനിരയിലേക്കെത്തിക്കാന്‍ കെഐഎഫിലെ ഹാക്ക് ജെന്‍ എഐ വഴി സാധിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. സര്‍ഗ്ഗാത്മകത, നൂതനത്വം, സംരംഭകത്വം എന്നിവയുടെ ഏറ്റവും വലിയ ആഘോഷമായിരിക്കും ഇത്. കെഎസ് യുഎമ്മിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലായ് 25, 26 തിയതികളിലാണ് കെഐഎഫ് നടക്കുന്നത്. ഫൗണ്ടേഴ്സ് സമ്മിറ്റ്, ഷീ ലീഡ്സ്, എസ്ഡിജി സമ്മിറ്റ്, മേക്കര്‍ ഫെസ്റ്റ്, ക്രിയേറ്റേഴ്സ് സമ്മിറ്റ്, എന്നിവയാണ് ഹാക്ക് ജെന്‍ എഐ യ്ക്ക് പുറമെ കെഐഎഫില്‍ നടക്കുന്നത്. ഇനോവേഷന്‍ എക്സ്പോ, പ്രൊഡക്ട് ഷോകേസ്, നെറ്റ് വര്‍ക്ക് സെഷന്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ പരിപാടികളുമുണ്ട്.

 രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  www.innovationfestival.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Photo Gallery

+
Content