ഗവ. സൈബര്‍പാര്‍ക്കിലെ സഹ്യ അക്വാസ്റ്റിക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
സംസ്ഥാന ഗവ. ഐടി പാര്‍ക്കുകളിലെ ആദ്യ പൂര്‍ണ അക്വാസ്റ്റിക് ഓഡിറ്റോറിയം
Kozhikode / June 9, 2025
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കിലെ അത്യാധുനിക സഹ്യ അക്വാസ്റ്റിക് ഓഡിറ്റോറിയം സിഇഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു. ഗവ. സൈബര്‍പാര്‍ക്കിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് ഇത് മുതല്‍ക്കൂട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ഗ്ഗാത്മക-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍, ആശയവിനിമയങ്ങള്‍ എന്നിവയുടെ കേന്ദ്രമായി സഹ്യ ഓഡിറ്റോറിയം മാറണം. ചടുലമായ ഐടി ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് കോഴിക്കോട്. ആശയങ്ങളുടെ കൈമാറ്റത്തിലൂടെ ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഇവിടുത്തെ കമ്പനികള്‍ക്ക് അവസരമാണ് കൈവന്നിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ സൈബര്‍പാര്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെയും ആദ്യ പൂര്‍ണ അക്വാസ്റ്റിക് ഓഡിറ്റോറിയമാണിതെന്ന് ജന. മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടത്തില്‍ 3000 ചതുരശ്രയടിയിലാണ് ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്. മൂന്നുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കി. 120 പേര്‍ക്കുള്ള ഇരിപ്പിട സംവിധാനം, ലോബി, റെക്കോര്‍ഡിംഗ് റൂം തുടങ്ങിയവ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറുകള്‍, പരിശീലന പരിപാടികള്‍, വര്‍ക്ക് ഷോപ്പ്, കലാ-സാംസ്ക്കാരിക പരിപാടികള്‍ എന്നിവ ഇവിടെ സംഘടിപ്പിക്കാനാകും. യുഎല്‍ സൈബര്‍പാര്‍ക്ക് സിഒഒ കിഷോര്‍ കുമാര്‍, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍ കെ വി, മുന്‍ പ്രസിഡന്‍റ് പി ടി ഹാരിസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ആര്‍ട്ടീരിയേഴ്സ് ബില്‍ഡ് ഇന്ത്യയ്ക്കായിരുന്നു ഇതിന്‍റെ നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് സൈബര്‍പാര്‍ക്കിലെ അഡ്വഞ്ചര്‍ മാക്സ് സൗണ്ട് ബാന്‍ഡിന്‍റെ സംഗീതപരിപാടിയുമുണ്ടായിരുന്നു.