ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് കേരളത്തില്‍ തുടങ്ങാന്‍ ക്ലൗഡ്പാഡ് 2025 ഓടെ 750 കോടി രൂപയുടെ നിക്ഷേപം

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് കേരളത്തില്‍ തുടങ്ങാന്‍ ക്ലൗഡ്പാഡ് 2025 ഓടെ 750 കോടി രൂപയുടെ നിക്ഷേപം
Kochi / August 9, 2022

കൊച്ചി: ഭാവിയുടെ തൊഴില്‍മേഖലയായ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രം കൊച്ചിയില്‍ തുടങ്ങുമെന്ന് ഇലക്ട്രോണിക്സ് കമ്പനിയായ ക്ലൗഡ്പാഡ് അറിയിച്ചു. 2025 ഓടെ 750 കോടി രൂപ നിക്ഷേപ സാധ്യതയാണ് ഈ പദ്ധതിയിലൂടെ സംസ്ഥാനത്തേക്കെത്തുന്നത്. 
    അമേരിക്ക, യുകെ, യൂറോപ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 300ല്‍പരം സംരംഭക ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്രം തുടങ്ങുന്നത്. മനുഷ്യസഹായമില്ലാതെ ആശയവിനിമയത്തോടെയുള്ള സേവനങ്ങള്‍ നല്‍കുന്ന ബോട്ട്(ഡിജിറ്റല്‍ വര്‍ക്കര്‍) സാങ്കേതികവിദ്യയാണ് ക്ലൗഡ്പാഡിന്‍റെ പ്രധാന ഉത്പന്നം. ബിസിനസ് ഓട്ടോമേഷനാണ് ഇത് പ്രധാനമായും ഉപയോഗപ്പെടുന്നത്.  500 ഐടി ജീവനക്കാരും ഒരു ലക്ഷത്തിലധികം ഡിജിറ്റല്‍ വര്‍ക്കര്‍മാരുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആരോമല്‍ ജയരാജ് ഷിക്കി പറഞ്ഞു. നിലവിലെ 20 കോടി രൂപയുടെ  നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് 750 കോടിയാക്കി ഉയര്‍ത്തും.
    നിലവില്‍ കേരളത്തില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് കേന്ദ്രത്തില്‍ 100 ജീവനക്കാരുണ്ടാകും. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ കേന്ദ്രമാകുമിത്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സേവനങ്ങള്‍ നല്‍കുന്ന അമേരിക്കയിലെ ഓട്ടോമേഷന്‍ എനിവെയറിന്‍റെ അംഗീകൃത മികവിന്‍റെ കേന്ദ്രം കൂടിയാണ് കൊച്ചിയിലേത്. മനുഷ്യര്‍ നല്‍കുന്ന ബിസിനസ് ആശയവിനിമയ സേവനങ്ങള്‍ ഡിജിറ്റല്‍ ബിസിനസ് ഓട്ടോമേഷനിലൂടെ സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. 
ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ലണ്ടന്‍, ആംസ്റ്റര്‍ഡാം, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ക്ലൗഡ്പാഡിന്‍റെ ഓഫീസ് തുടങ്ങും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊതു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. സീരീസ് എ ഫണ്ടിംഗ് ലഭിക്കുന്നതിന്‍റെ അവസാനഘട്ട ചര്‍ച്ചകളും നടക്കുന്നുവെന്ന് ആരോമല്‍ ചൂണ്ടിക്കാട്ടി. 2020-22 ല്‍ മൈക്രോസോഫ്റ്റില്‍ നിന്നും സാങ്കേതിക സഹായവും നിക്ഷേപം സമാഹരണവും ലഭിച്ചിരുന്നു.
    ആഗോളതലത്തിലുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ)ന് വേണ്ടി ചെലവ് ചെയ്യുന്നത് ഏതാണ്ട് 24000 കോടി(3 ബില്യണ്‍ ഡോളര്‍) രൂപയാണ്. ഹൈപ്പര്‍ഓട്ടോമേഷന്‍ വിപണി നാലേമുക്കാല്‍ ലക്ഷം കോടി രൂപയുടേതാണ്. ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്തി ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറുകയാണ് ക്ലൗഡ്പാഡിന്‍റെ ലക്ഷ്യം. ലോകത്തെ ഏക ഡിജിറ്റല്‍ വര്‍ക്കര്‍ വിപണിയായ ബോട്ട്സ്റ്റോറിന് നേതൃത്വം നല്‍കുന്നത് തന്നെ ക്ലൗഡ്പാഡാണ്. ടിസിഎസ്, കോഗ്നിസന്‍റ്, അക്സെഞ്ചര്‍ എന്നിവര്‍  നിര്‍മ്മിച്ചിതിലുമധികം ബോട്ടുകള്‍ ക്ലൗഡ്പാഡ് നിര്‍മ്മിച്ചിട്ടുണ്ടെന്ന് ആരോമല്‍ പറഞ്ഞു.
    ഇന്‍റര്‍നെറ്റ് അധിഷ്ഠിത ജോലികളില്‍ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളിലെ മികച്ച പ്രതിഭയാണ് ഇവിടെത്തന്നെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ് കേന്ദ്രം തുടങ്ങാന്‍ പ്രേരകമായതെന്ന് ആരോമലിന്‍റെ സഹോദരനും ക്ലൗഡ്പാഡ് സഹസ്ഥാപകനും ഡയറക്ടറുമായ അഭിഷേക് ജയരാജ് ഷിക്കി പറഞ്ഞു. ഈ മേഖലയില്‍ കേരളത്തില്‍ ഇനിയും സാധ്യതകളുണ്ട്. ലോകത്തിലെ ഏക ക്ലൗഡ് അധിഷ്ഠിത ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സര്‍വീസ് വേദിയായ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസിലൂടെ രാജ്യത്തെ പ്രതിഭകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.    

Photo Gallery

+
Content