യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഐഐടിഎം-കെ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

കെഎസ് യുഎം നോഡല്‍ ഏജന്‍സി
Kochi / June 2, 2025

കൊച്ചി: യുവ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മന്‍റ്-കേരളയുടെ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്(ഇഎസ്ഡിഎം), ഐഐഒടി സെന്‍സറിന്‍റെ മികവിന്‍റെ കേന്ദ്രം എന്നീ പ്രൊജക്ടുകളിലേക്കാണ് ഇന്‍കുബേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനാകും ഇന്‍കുബേഷന്‍റെ നോഡല്‍ ഏജന്‍സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മേക്കര്‍വില്ലേജിലാണ് ഇതിനുള്ള സംവിധാനമൊരുക്കുന്നത്. ഡിസൈന്‍ ആന്‍ഡ് ഫാബ്രിക്കേഷന്‍, ടെസ്റ്റിംഗ് ആന്‍ഡ് മെഷര്‍മന്‍റ് എന്നിവയ്ക്കുള്ള ലാബ് സൗകര്യം, ആശയത്തില്‍ നിന്ന് ഉത്പന്നമാതൃകയിലേക്കെത്തുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയെല്ലാം മേക്കര്‍വില്ലേജില്‍ സമഗ്രമായി ഏകോപിപ്പിച്ചിട്ടുണ്ട്. കൊച്ചി കളമശേരി കാമ്പസ് കൂടാതെ ടെക്നോപാര്‍ക്ക് ഫേസ് ഒന്നിലെ ഐഐഐടിഎംകെ കാമ്പസില്‍ മേക്കര്‍വില്ലേജിന് അനക്സ് സംവിധാനമുണ്ട്.

മേക്കര്‍ വില്ലേജിനു പുറമെ തൃശൂരിലെ സിഎംഇടിയിലെ ഐഐഒടി മികവിന്‍റെ കേന്ദ്രത്തിലും ഇന്‍കുബേഷന്‍ സംവിധാനമുണ്ടാകും. ഐഒടി അടിസ്ഥാനമാക്കി വ്യാവസായികാവശ്യങ്ങള്‍ക്കുള്ള തദ്ദേശീയമായ സെന്‍സറുകള്‍ നിര്‍മ്മിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുറമെ യോഗ്യരായ വ്യക്തികള്‍ക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിദഗ്ധ പാനല്‍ തെരഞ്ഞെടുക്കുന്നവരെ തങ്ങളുടെ ആശയാവതരണത്തിന് ക്ഷണിക്കും. തുടര്‍ന്നാണ് ഇന്‍കുബേഷന്‍ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

താത്പര്യമുള്ളവര്‍  https://makervillage.inhttps://www.iiotsensors.org  എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  makervillage@iiitmk.ac.in     എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം. 

 

Photo Gallery