കേരളത്തില്‍ നിന്നുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളെ മില്‍മ ആദരിക്കും

കേരളത്തില്‍ നിന്നുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളെ മില്‍മ ആദരിക്കും
Trivandrum / August 9, 2022

തിരുവനന്തപുരം: ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടന്ന 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ കേരളത്തില്‍ നിന്നുള്ള കായിക താരങ്ങളെ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) ആദരിക്കും.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ കേരള താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ മെഡല്‍ നേട്ടത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചതായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. രാജ്യത്തിന് അഭിമാനമായ കായികതാരങ്ങളെ ആദരിക്കുന്നതിനായി മില്‍മ അനുമോദന ചടങ്ങ് സംഘടിപ്പിക്കുമെന്നും മെഡല്‍ ജേതാക്കളുടെ സൗകര്യമനുസരിച്ച് തീയതിയും സ്ഥലവും തീരുമാനിക്കുമെന്നും കെ.എസ്. മണി പറഞ്ഞു.

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ നടന്ന ഗെയിംസില്‍ ട്രീസ ജോളി (ബാഡ്മിന്‍റണ്‍), എം. ശ്രീശങ്കര്‍ (ലോംഗ് ജമ്പ്), എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജമ്പ്), പി ആര്‍ ശ്രീജേഷ് (ഹോക്കി), ദീപിക പള്ളിക്കല്‍ (സ്ക്വാഷ്) എന്നിവരാണ് മെഡല്‍ നേടിയ കേരള താരങ്ങള്‍.

ഒരു ഗെയിംസില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ കേരള താരമാണ് ട്രീസ ജോളി. ബാഡ്മിന്‍റണ്‍ മിക്സഡ് ഡബിള്‍സില്‍ വെള്ളിയും വനിതാ ഡബിള്‍സില്‍ വെങ്കലവുമാണ് ട്രീസ നേടിയത്. ലോംഗ്ജമ്പില്‍ എം. ശ്രീശങ്കര്‍ വെള്ളി നേടിയപ്പോള്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടിയാണ് എല്‍ദോസ് പോള്‍ ചരിത്രനേട്ടത്തിന് അര്‍ഹനായത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ മലയാളിയും 1958 ല്‍ മില്‍ഖാ സിംഗിന് ശേഷം സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യക്കാരനുമാണ് എല്‍ദോസ് പോള്‍. ഇതേ ഇനത്തില്‍ അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. പുരുഷ ഹോക്കിയില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്‍റെ ഗോള്‍ കീപ്പറാണ് ശ്രീജേഷ്.
 

Photo Gallery