ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സൈബര്‍ ആക്രമണങ്ങളെ നിര്‍വീര്യമാക്കി ടെക്നോപാര്‍ക്കിലെ പ്രൊഫേസ് എഐ പ്ലാറ്റ് ഫോം

Trivandrum / May 20, 2025

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാനില്‍ നിന്നുണ്ടായ സൈബര്‍ ആക്രമണ പരമ്പരയെ നിര്‍വീര്യമാക്കി ടെക്നോപാര്‍ക്കിലെ സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പായ പ്രൊഫേസ് ടെക്നോളജീസിന്‍റെ എഐ അധിഷ്ഠിത പ്ലാറ്റ് ഫോം. വിമാനത്താവളങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ പ്രധാന മേഖലകളില്‍ വിന്യസിച്ച പ്രൊഫേസിന്‍റെ എഐ അധിഷ്ഠിത പ്ലാറ്റ് ഫോമായ വെബ് ആപ്ലിക്കേഷന്‍ ആന്‍ഡ് എപിഐ പ്രൊട്ടക്ഷന്‍ (ഡബ്ല്യുഎഎപി) ആണ് നിര്‍ണായക പങ്ക് വഹിച്ചത്.

 വെബ്സൈറ്റുകളുടെയോ നെറ്റ് വര്‍ക്കിന്‍റെയോ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഡിഒഎസ്) ആക്രമണങ്ങളെയാണ് പ്രൊഫേസ് പ്ലാറ്റ് ഫോം വിജയകരമായി തടഞ്ഞത്.

 
മെയ് അഞ്ചിനും ഒമ്പതിനും ഇടയില്‍ ആഗോളതലത്തില്‍ ബോട്ട്നെറ്റുകളില്‍ നിന്ന് നിരവധി ഡിഡിഒഎസ് ആക്രമണങ്ങള്‍ കണ്ടെത്തി. മെയ് ഒമ്പതിന് 10 മണിക്കൂറിനുള്ളില്‍ ഇത് 85 ദശലക്ഷമായി ഉയര്‍ന്നു. ഇത് ഇന്ത്യയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള സൈബര്‍ ഭീഷണികളുടെ വര്‍ധനവിനെ കാണിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ശ്രമിച്ചതിന്‍റെ ഉത്തരവാദിത്തം അനോണ്‍സെക്, സില്‍ഹെറ്റ് ഗാംഗ് (എസ് ജി), ഡൈനെറ്റ് തുടങ്ങിയ ഹാക്കര്‍ ഗൂപ്പുകള്‍ പരസ്യമായി ഏറ്റെടുത്തിരുന്നു.

ഈ പ്രചാരണങ്ങളുടെ വ്യാപ്തിയും ആക്രമണാത്മകതയും ഉണ്ടായിരുന്നിട്ടും പ്രോഫേസിന്‍റെ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായി തുടര്‍ന്നുവെന്നും ഹാക്കര്‍മാരുടെ ലക്ഷ്യം ഫലപ്രദമായി തടയാനായെന്നും പ്രൊഫേസ് സിഇഒയും ഫൗണ്ടറുമായ വൈശാഖ് ടി.ആര്‍ പറഞ്ഞു. മെയ് അഞ്ചിന് ഇന്ത്യയിലെ ഒരു പ്രധാന വിമാനത്താവളത്തെ ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചു. ആഗോളതലത്തില്‍ വിതരണം ചെയ്ത ബോട്ട്നെറ്റ് പ്രവര്‍ത്തനത്തില്‍ വ്യാപിച്ചുകിടക്കുന്ന സ്ഥിരമായ ട്രാക്ക് പാറ്റേണുകളും ഐപികളും പ്രൊഫേസിന് തിരിച്ചറിയാനായെന്നും അദ്ദേഹം പറഞ്ഞു.


ഒരു പ്രധാന സൈബര്‍ ആക്രമണത്തെ നിര്‍വീര്യമാക്കാന്‍ പ്രൊഫേസിന്‍റെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമല്ല. 2023 ഏപ്രിലില്‍ ആറ് പ്രധാന ഇന്ത്യന്‍ വിമാനത്താവളങ്ങളിലും ആശുപത്രികളിലുമുണ്ടായ ഡിഡിഒഎസ് ആക്രമണങ്ങള്‍ പ്രൊഫേസിന്‍റെ ഇന്‍റലിജന്‍റ് ലെയര്‍ 7 ലഘൂകരണ സംവിധാനങ്ങള്‍ വഴി നിര്‍വീര്യമാക്കുകയും പ്രവര്‍ത്തനം വേഗത്തില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. അനോണിമസ് സുഡാന്‍ എന്ന ഹാക്കര്‍ സംഘമാണ് വിമാനത്താവളങ്ങളുടെയും പ്രധാന ആശുപത്രികളുടെയും വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണത്തിന് മുതിര്‍ന്നത്.

2023 ല്‍ അനോണിമസ് സുഡാനില്‍ നിന്നുണ്ടായതിനേക്കാള്‍ തീവ്രമായിരുന്നു ഈയിടെയുണ്ടായ സൈബര്‍ ആക്രമണമെന്ന് പ്രൊഫേസ് സിഒഒയും കോ-ഫൗണ്ടറുമായ ലക്ഷ്മി ദാസ് പറഞ്ഞു. പ്രതിരോധ മേഖലയിലെ പ്രൊഫേസിന്‍റെ വിന്യാസങ്ങള്‍ പ്രയോജനപ്പെടുത്തി മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായും തത്ക്ഷണവും സ്വീകരിച്ചതായും അവര്‍ പറഞ്ഞു.

ജിയോ-ഫെന്‍സിംഗ്, ഐപി പ്രൊഫൈലിംഗ്, ബിഹേവിയറല്‍ അനാലിസിസ് എന്നിവയിലൂടെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ സൈബര്‍ ആക്രമണ ഭീഷണി തിരിച്ചറിയാനും നിര്‍വീര്യമാക്കാനും പ്രൊഫേസിനെ പ്രാപ്തമാക്കി. ആഗോള ബോട്ട്നെറ്റുകളിലുടനീളം ആവര്‍ത്തിച്ചുള്ള ഫിംഗര്‍പ്രിന്‍റിംഗുകള്‍ തിരിച്ചറിഞ്ഞ് ഡബ്ല്യുഎഎഫ് നിയമങ്ങളും തത്സമയ അനോമലി ഡിറ്റക്ഷനും വഴി മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണം തടസപ്പെടുത്താന്‍ പ്രൊഫേസിനായി. പ്രാദേശികമായി ഇന്ത്യയിലുടനീളം നിരീക്ഷിച്ചപ്പോള്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നതായും അതീവപ്രാധാന്യമുള്ള ഡിജിറ്റല്‍ എന്‍ട്രി പോയിന്‍റുകളില്‍ തീവ്രമായ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായും പ്രൊഫേസ് തിരിച്ചറിഞ്ഞു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയോടെ 2019 ല്‍ സ്ഥാപിതമായ പ്രൊഫേസ് ബാങ്ക് ഓഫ് അമേരിക്കയ്ക്കായി ക്ലൗഡ് അധിഷ്ഠിത എച്ച്ആര്‍ പരിഹാരം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

യഥാര്‍ഥ സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടുന്നതിനായി ഒരു സ്ഥാപനത്തിന് കുബേര്‍നെറ്റ്സ് അധിഷ്ഠിത വെബ് ആപ്ലിക്കേഷന്‍ ഫയര്‍വാള്‍ (ഡബ്ല്യുഎഎഫ്) പ്രയോജനപ്പെടുത്തിയ ലോകത്തെ ആദ്യത്തെ സൈബര്‍ സെക്യുരിറ്റി പ്രൊഡക്ട് കമ്പനിയാണ് പ്രൊഫേസ് എന്ന് ലക്ഷ്മി ദാസ് പറഞ്ഞു. ഗാര്‍ട്ട്നറുടെ 2025 ലെ ഡബ്ല്യുഎഎപി മാര്‍ക്കറ്റ് ഗൈഡിലും, 2024 ല്‍ എപിഐ സംരക്ഷണത്തിനും പ്രതിനിധി വെണ്ടറായി പ്രൊഫേസ് അംഗീകരിക്കപ്പെട്ടു. കെല്‍ട്രോണ്‍, ഡെലോയിറ്റ്, ഇന്‍റല്‍ തുടങ്ങിയ ആഗോള സ്ഥാപനങ്ങളുമായി പ്രൊഫേസിന് പങ്കാളിത്തമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ സൈബര്‍ സെക്യുരിറ്റി യൂണികോണ്‍ ആകാന്‍ പ്രൊഫേസ് ആഗ്രഹിക്കുന്നു. വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കി ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ദൗത്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ്, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ആഗോള സാന്നിധ്യമുള്ള സ്റ്റാര്‍ട്ടപ്പിന് ലോകമെമ്പാടും 100-ലധികം ക്ലയന്‍റുകളുണ്ട്. എഐ അധിഷ്ഠിത സൈബര്‍ സുരക്ഷയിലെ നൂതനാശങ്ങളുമായി പ്രൊഫേസിന്‍റെ ഗവേഷണ-വികസന സംഘം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു.

 ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍, സംരംഭങ്ങള്‍, ക്ലൗഡ്-നേറ്റീവ് ബിസിനസുകള്‍ എന്നിവയുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പ്രൊഫേസിന്‍റെ എഐ പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ 100-ലധികം സ്ഥാപനങ്ങള്‍ വിശ്വസിക്കുന്ന പ്രൊഫേസ് ആഗോള സൈബര്‍ സുരക്ഷാ ഭീഷണികള്‍ക്കുള്ള ഇന്ത്യയുടെ ഉത്തരമാണ്. ഇന്നത്തെ അസ്ഥിരമായ ഡിജിറ്റല്‍ സാഹചര്യത്തില്‍ എപ്പോഴും സംരക്ഷണം ഉറപ്പാക്കാന്‍ പ്രൊഫേസിന്‍റെ സാങ്കേതിക വിദ്യക്കാകുന്നു.

Photo Gallery

+
Content