കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സംരംഭകയ്ക്ക് അന്താരാഷ്ട്ര വനിതാസംരംഭക പുരസ്ക്കാരം

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സംരംഭകയ്ക്ക് അന്താരാഷ്ട്ര വനിതാസംരംഭക പുരസ്ക്കാരം
Kochi / August 8, 2022

കൊച്ചി:ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങള്‍ ആധാരമാക്കി ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ ഹോങ്കോങ് ആഗോളതലത്തില്‍ നല്‍കുന്ന ലോകവനിതാ സംരംഭക പുരസ്ക്കാരം നീലേശ്വരം സ്വദേശിനി സംഗീത അഭയന് ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 225ല്‍പരം വനിതകളില്‍ നിന്നാണ് ഓണ്‍ലൈന്‍ കൈത്തറി-കരകൗശല സ്റ്റാര്‍ട്ടപ്പായ ഈവ്വേള്‍ഡ്ഡോട്കോം സ്ഥാപകയും സിഇഒയുമായ സംഗീതയെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.

പുരസ്ക്കാര നിര്‍ണയത്തിന്‍റെ വിവിധഘട്ടങ്ങളിലായി നടന്ന സെഷനുകള്‍, പിച്ചിംഗ്, അഭിമുഖം എന്നിവയില്‍ സംഗീത മുന്‍തൂക്കം നേടി. ഗ്രാമീണമേഖലയില്‍ സാമൂഹികമായമാറ്റങ്ങളും സുസ്ഥിരവരുമാനവും സൃഷ്ട്ടിക്കുന്ന വനിതാസംരംഭകര്‍ക്ക് ആഗോളതലത്തില്‍ നല്‍കുന്ന പുരസ്ക്കാരത്തിനാണ് സംഗീതയുടെ സ്റ്റാര്‍ട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. യുഎന്നിന്‍റെ സുപ്രധാന ലക്ഷ്യങ്ങളായ  കാലാവസ്ഥവ്യതിയാനവും  സുസ്ഥിരഉത്പന്ന വികസനവും കൂടി ഉന്നം വയ്ക്കുന്നതിനാല്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മുന്‍നിരയിലെത്തി. ഓഗസ്റ്റ് ഏഴിന് ഹോങ്കോങ്ങില്‍വെച്ച് ഓണ്‍ലൈന്‍ ആയി പുരസ്ക്കാര വിതരണം ചെയ്തു.

കണ്ണൂരിലെ കെഎസ് യുഎം ഇന്‍ക്യൂബേഷന്‍ സെന്‍റര്‍ ആയ മൈസോണില്‍ പ്രവര്‍ത്തിക്കുന്ന ഈവിന് കേരളാസ്റ്റാര്‍ട്ടപ്പ്മിഷന്‍റെ സ്കെയിലപ്പ് ഗ്രാന്‍റ്, സീഡ്ഫണ്ട് എന്നിവ ലഭിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള ഗ്രാമീണമേഖലകളിലെ പരമ്പരാഗത കൈത്തറിത്തൊഴിലാളികള്‍, കരകൗശലവിദഗ്ധര്‍ എന്നിവരെ ശാക്തീകരിക്കുകയും ഇവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്പന നടത്തുകയും ചെയ്യുകയാണ് സംഗീതയുടെ സോഷ്യല്‍സ്റ്റാര്‍ട്ടപ്പ്. 

സുസ്ഥിര ഉത്പന്ന വിഭാഗത്തില്‍ കൈത്തറിവസ്ത്രങ്ങള്‍, ഗൃഹാലങ്കാര ഉല്‍പ്പന്നങ്ങള്‍ എന്നിവ കൂടാതെ മുള, കളിമണ്ണ്, വാഴനാര്, കുളവാഴ തുടങ്ങി പ്രകൃതിദത്തമായ വിവിധ അസംസ്കൃതവസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അതോടൊപ്പം കൈകൊണ്ട് നിര്‍മ്മിക്കുന്ന കലാപരമായ ഉല്‍പ്പന്നങ്ങള്‍എന്നിവയാണ് 'ഈവ്' പ്രൊമോട്ട്ചെയ്യുന്നത്.

ബയോടെക്നോളജിയാണ് പഠിച്ചതെങ്കിലും താത്പര്യമുള്ള കൈത്തറി-ഖാദി എന്നിവയില്‍ മികച്ച ഡിസൈന്‍ കൊണ്ടുവരികയും അതു വഴി പരമ്പരാഗത നെയ്ത്തുകാരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളവിപണി ലഭ്യമാക്കാവുന്ന സംരംഭമായിരുന്നു ആഗ്രഹമെന്ന് സംഗീത പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ്മിഷന്‍റെ കീഴില്‍ കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൈസോണ്‍ സെന്‍ററിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഉല്‍പ്പാദനം  മുതല്‍ വിപണനം വരെ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയതോടെ വളര്‍ച്ചാസാധ്യതയുള്ള സ്റ്റാര്‍ട്ടപ്പ് ആയി മാറി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടേയും കേരളാസ്റ്റാര്‍ട്ടപ്പ്മിഷന്‍റെയും അംഗീകാരം ലഭിച്ചു. ലോകപ്രശസ്തമായ കണ്ണൂര്‍ കൈത്തറിയുടെയും പയ്യന്നൂര്‍ ഖാദിയുടെയും തുണിത്തരങ്ങളില്‍ നൂതന ഡിസൈനുകളില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് കണ്ണൂരില്‍ നിന്നും ഇന്ത്യ മുഴുവനുമുള്ള ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. ഗുണമേന്‍മ ഉറപ്പുവരുത്തുവാനായി സ്വന്തം മേല്‍നോട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനും ഈവ് എന്ന ബ്രാന്‍ഡില്‍ മാര്‍ക്കറ്റില്‍ എത്തിക്കുവാനും ആരംഭിച്ചു. 

ടെക്നോളജി ഉപയോഗിച്ച് ഈവിന്‍റെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും സ്ത്രീകള്‍ തന്നെയാണ്. സംരംഭകത്വമനോഭാവവും സാമൂഹ്യമാധ്യമ പരിചയവുമുണ്ടെങ്കില്‍ ഏതു സ്ത്രീക്കും സ്വന്തമായി വെബ്സൈറ്റിലൂടെ ഈവ് വെര്‍ച്വല്‍ ഷോപ്പിന്‍റെ ഉടമയാവാം. സ്വന്തം വെബ്സൈറ്റിലൂടെ വില്പന നടത്തുന്ന സാധനങ്ങള്‍ നേരിട്ടോ കൊറിയറിലോ എത്താനുള്ള സൗകര്യം ഉണ്ട്. ഇതിനൊക്കെ വേണ്ട പരിശീലനവും ഈവ് നല്‍കും. ഇന്ത്യയ്ക്ക് പുറത്തു നിന്നും ഇപ്പോള്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ വില്പന നടത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അധിക നിക്ഷേപവും ഇല്ലാതെ വരുമാനം ലഭ്യമാക്കാം എന്നുള്ളതാണ് ഈ മോഡലിന്‍റെ പ്രത്യേകതയെന്നും സംഗീത പറഞ്ഞു. 
ഭര്‍ത്താവ് അഭയന്‍ ഡിജിറ്റല്‍-ടെക്നോളജി പിന്തുണയുമായി ഒപ്പമുണ്ട്. ആവണിഅഭയ്, അദിതിഅഭയ് എന്നിവര്‍ മക്കളാണ്. 
.
 

Photo Gallery

+
Content