കിംസ്ഹെല്‍ത്തില്‍ അവയവദാന വാരാചരണത്തിന് തുടക്കമായി 'രണ്ടാമൂഴം' മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു അവയവദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു

കിംസ്ഹെല്‍ത്തില്‍ അവയവദാന വാരാചരണത്തിന് തുടക്കമായി 'രണ്ടാമൂഴം' മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു അവയവദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു
Trivandrum / August 6, 2022

തിരുവനന്തപുരം: മരണാനന്തരം അവയവദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ച് കിംസ്ഹെല്‍ത്തില്‍ ലോക അവയവദാന ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി. 'രണ്ടാമൂഴം' എന്നു പേരിട്ട പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വ്വഹിച്ചു. വാരാചരണത്തിന്‍റെ ഭാഗമായി കിംസ്ഹെല്‍ത്ത് അവയവദാന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.


അവയവദാന ബോധവല്‍ക്കരണ പരിപാടികളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. അവയവദാനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ ശരിയായ ശ്രദ്ധ ആവശ്യമാണ്. ഇതിനായി യുവജന, സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അവയവദാനത്തിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവയവദാനം വ്യക്തിയുടെ സാമൂഹിക ജീവിതത്തെ ഉയര്‍ത്തുന്ന മാനുഷികപരമായ പ്രവൃത്തിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


അവയവദാന പ്രക്രിയയിലെ തടസ്സങ്ങള്‍ മറികടക്കാന്‍ സര്‍ക്കാരും സ്വകാര്യ മേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് അര്‍ഹരായ രോഗികള്‍ക്ക് അവയവങ്ങള്‍ ലഭിക്കുന്നത് എളുപ്പമാക്കുമെന്നും കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ മരണാനന്തര അവയവദാനമാണ് കൂടുതല്‍ നടക്കുന്നത്. എന്നാല്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ജീവിച്ചിരിക്കുന്നവരും അവയവം ദാനം ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ടെന്നും ഡോ.സഹദുള്ള കൂട്ടിച്ചേര്‍ത്തു.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമയബന്ധിതമായി അതിന്‍റെ മൂല്യനിര്‍ണയവും സര്‍ക്കാര്‍ തലത്തില്‍ നടക്കണമെന്ന് ചടങ്ങില്‍ അതിഥിയായിരുന്ന സിനിമാതാരം പ്രിയങ്ക നായര്‍ പറഞ്ഞു.


ആധുനിക വൈദ്യശാസ്ത്രത്തില്‍ അവയവദാനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് കിംസ്ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍ പറഞ്ഞു.
കിംസ്ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പ്രവീണ്‍ മുരളീധരന്‍ സ്വാഗതവും ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.ആര്‍.മുരളീധരന്‍ നന്ദിയും പറഞ്ഞു.
 

Photo Gallery

+
Content