ക്ഷീരവികസനവകുപ്പ് ഡയറക്ടറുടെ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kochi / May 3, 2025

കൊച്ചി: എറണാകുളം മേഖലാ യൂണിയന്‍ തീരുമാനങ്ങള്‍ക്കെതിരെ ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ബഹു. കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മേഖലാ യൂണിയന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു ഉദ്യോഗസ്ഥനെ ഏറ്റവും വലിയ ഡെയറിയായ തൃപ്പൂണിത്തുറയില്‍ നിയമിച്ചുകൊണ്ടുള്ള തീരുമാനവും, പേഴ്സണല്‍ മാനേജരായി ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കി നിയമിച്ച് അന്നത്തെ ഡയറക്ടര്‍ അംഗീകാരം നല്‍കുകയും ചെയ്ത നടപടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച നിലവിലെ ക്ഷീരവികസന ഡയറക്ടറുടെ ഉത്തരവുകളാണ് ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തത്.

 2024 ആഗസ്റ്റ് മാസത്തില്‍ മലബാര്‍ മേഖലാ യൂണിയന്‍റെ പൊതുയോഗത്തിന് അംഗീകാരം നല്‍കുകയും, സമാന രീതിയിലുളള എറണാകുളം മേഖലാ യൂണിയന്‍റെ വാര്‍ഷിക പൊതുയോഗത്തിന് അംഗീകാരം നല്‍കാതെ പൊതുയോഗം അസാധു ആക്കുന്നതിന് വേണ്ടി ഡയറക്ടറുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായി. തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് നിരന്തരം മേഖലാ യൂണിയനെതിരെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചു വന്നു. ഇതേതുടര്‍ന്ന് യൂണിയന്‍ ബഹു. കേരള ഹൈക്കോടതിയെയും, ബഹു. സുപ്രീംകോടതിയെയും സമീപിച്ച് വിധികള്‍ സമ്പാദിച്ചാണ് 2025 ജനുവരിയില്‍ ഭരണസമിതിയിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തിയത്. വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരത്തില്‍ വന്നശേഷവും ഇത്തരം നടപടികള്‍ തുടര്‍ന്നുവരികയാണ്.

 ബാഹ്യശക്തികളുടെ സമര്‍ദ്ദത്തിന് വിധേയമായി എറണാകുളം മേഖലാ യൂണിയനെതിരെ നിയമവിരുദ്ധമായ നടപടികള്‍ നിരന്തരം ഡയറക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും ശക്തമായി നേരിടുക തന്നെ ചെയ്യും. ഒരു വ്യവസായ സ്ഥാപനമായ മേഖലാ യൂണിയന്‍റ അവകാശങ്ങളിലും, അധികാരങ്ങളിലുമുള്ള കടന്ന് കയറ്റമാണ് ഡയറക്ടര്‍ തുടര്‍ന്ന് വരുന്നത്. മേഖലാ യൂണിയന്‍റെ സുഗഗമായതും, സ്വതന്ത്രപരവുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കര്‍ഷകരുടെയും, സംഘം പ്രസിഡന്‍റുമാരുടെയും പിന്തുണയോടുകൂടി ഡയറക്ടറുടെ കടന്നു കയറ്റങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ.സി.എന്‍.വത്സലന്‍പിള്ള അറിയിച്ചു.

Photo Gallery