പ്രളയഭീഷണി; വളര്‍ത്തു മൃഗങ്ങള്‍ക്ക് കരുതലേകാം- കേരള ഫീഡ്സ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

പ്രളയഭീഷണി; വളര്‍ത്തു മൃഗങ്ങള്‍ക്ക് കരുതലേകാം- കേരള ഫീഡ്സ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
Thrissur / August 5, 2022

തൃശൂര്‍: പ്രളയഭീഷണി നിലനില്‍ക്കുന്ന സമയങ്ങളില്‍ കന്നുകാലികളെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നതിന് പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മഴക്കെടുതി മൂലം മാറിത്താമസിക്കേണ്ടി വന്നാല്‍ കന്നുകാലികളെ ഒപ്പം കൂട്ടുകയോ കെട്ടഴിച്ച് സ്വതന്ത്രരാക്കണമെന്നോ ആണ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.


    കഴിയുന്നതും കന്നുകാലികളെ ജലസ്രോതസ്സുകള്‍ക്കടുത്ത് കെട്ടാതിരിക്കുക, അഥവാ കെട്ടേണ്ട സാഹചര്യം വന്നാല്‍ അധികം താഴ്ത്താതെ കുറ്റിയടിക്കാന്‍ ശ്രദ്ധിക്കണം. കാറ്റ് വീശുന്നത് കൂടുതലാണെന്ന് തോന്നിയാല്‍ തൊഴുത്തില്‍ നിന്ന് തുറസ്സായ സ്ഥലത്തേക്ക് കന്നുകാലികളെ അഴിച്ച് കെട്ടണം. കഴിയുന്നത്ര ഉയരമുള്ള സ്ഥലങ്ങളിലേക്ക് വളര്‍ത്തു മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതാണ്. വെള്ളത്തില്‍ വീണ് രക്ഷപ്പെടുന്ന കാലികള്‍ക്ക് ഗുരുതര പരുക്കുണ്ടോയെന്ന് സൂക്ഷമമായി പരിശോധിക്കണം. 


നിറുത്താതെ പെയ്യുന്ന മഴയുള്ള കാലത്ത് കാലീത്തീറ്റ ഉള്‍പ്പെടെയുള്ളവ ഈര്‍പ്പം തട്ടാത്ത ഇടങ്ങളില്‍ അടച്ചു സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ദുരിതാശ്വാസ ക്യാമ്പില്‍ കന്നുകാലികളുമായി പോകുന്നവര്‍ക്ക് അവിടെ കാലിത്തീറ്റയെത്തിച്ചു നല്‍കാനുള്ള സംവിധാനം കേരളഫീഡ്സ് ഏര്‍പ്പെടുത്തും. 
മഴക്കാലത്ത് സാധാരണ സമയത്ത് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ഇടവേളകളില്‍ തൊഴുത്ത് അണുവിമുക്തമാക്കണം. പരിപാലകര്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ കൈകാലുകള്‍ ശുദ്ധി വരുത്തേണ്ടതുണ്ട്. ചെള്ള,് ഈച്ച എന്നീ പരാന്നഭോജികള്‍ക്കെതിരായ മരുന്നു പ്രയോഗം അനിവാര്യമാണ്. ആന്തരിക വിരബാധ ഉണ്ടാകാനിടയുള്ളതിനാല്‍ വിരമരുന്ന് കൃത്യമായി നല്‍കുക. തൊഴുത്ത് വൃത്തിയായി സൂക്ഷിക്കുകയും കറവയില്‍ ശുചിത്വം പാലിക്കുകയും ചെയ്താല്‍ അകിടു വീക്കം ഒഴിവാക്കാം. സന്തുലിതമായ പോഷണം നല്‍കുന്നതിലൂടെ കന്നുകാലികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിക്കുകയും ജലജന്യ രോഗങ്ങളെ തടയാന്‍ സാധിക്കുകയും ചെയ്യും.


    കാലിത്തീറ്റയുമായി ബന്ധപ്പെട്ട മഴക്കാലത്തെ മുന്‍കരുതലുകളെക്കുറിച്ച് ക്ഷീരകര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ കേരളഫീഡ്സുമായി ബന്ധപ്പെടാം. ഡോ. അനുരാജ് ഫോണ്‍-9458752094
 

Photo Gallery