'ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2025' അംഗീകാരം അലിയാന്‍സ് സര്‍വീസസ് ഇന്ത്യയ്ക്ക്

Trivandrum / April 22, 2025

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അലിയാന്‍സ് സര്‍വീസസ് ഇന്ത്യയ്ക്ക് ആഗോള ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പിന്‍റെ ടോപ്പ് ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് (ജിബിഎസ്) എംപ്ലോയര്‍ 2025 അംഗീകാരം. ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് (ജിബിഎസ്) സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ സമഗ്ര പഠനത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ദാതാക്കളിലൊന്നായി അലിയാന്‍സ് സര്‍വീസസ് ഇന്ത്യയെ തിരഞ്ഞെടുത്തത്.

യുകെയില്‍ നടന്ന എന്‍ഗേജ് 2025- ലണ്ടന്‍ കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.എല്ലാവരെയും ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നൂതന തൊഴിലിട സംസ്കാരം കെട്ടിപ്പടുക്കുന്നതിനുള്ള അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ പ്രതിബദ്ധതയെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക്, വളര്‍ച്ച, തൊഴില്‍ സംതൃപ്തി തുടങ്ങിയ ഘടകങ്ങളും പ്രാദേശിക ടാലന്‍റ് പൂളുകളെ ഫലപ്രദമായി ഉപയോഗിച്ചതും എവറസ്റ്റ് ഗ്രൂപ്പിന്‍റെ പഠനത്തില്‍ വിലയിരുത്തി.  

സന്തുഷ്ട ജീവനക്കാര്‍ സന്തുഷ്ട ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു എന്ന അടിസ്ഥാന പ്രമാണമാണ് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ, ഫിലിപ്പീന്‍സ്, പോളണ്ട് എന്നിവിടങ്ങളിലെ 400 ലധികം ജിബിഎസ് കമ്പനികളുടെ ഇടയില്‍ ഗ്ലോബല്‍ ബിസിനസ് സര്‍വീസസിനെ വ്യത്യസ്തമാക്കുന്നത് അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ ഈ സമീപനമാണ്. ജീവനക്കാരുടെ സംതൃപ്തി മുന്നില്‍ക്കണ്ടുള്ള അലിയാന്‍സ് സര്‍വീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.

പ്രമുഖ ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പ് വിപണിയിലെ സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനൊപ്പം പ്രവര്‍ത്തനമികവും സാമ്പത്തിക വളര്‍ച്ചയും സാധ്യമാക്കുന്നു.

പരസ്പര വിശ്വാസം, കരുതല്‍, സമഗ്രത, സഹകരണം എന്നിവയില്‍ അധിഷ്ഠിതമായ തൊഴിലിട സംസ്കാരം സൃഷ്ടിക്കുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നതായി അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ജിസണ്‍ ജോണ്‍ പറഞ്ഞു. കമ്പനിയ്ക്ക് കൂടുതല്‍ വളരാനും വിവിധ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ഇത്തരം അംഗീകാരങ്ങള്‍ വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025ലെ മികച്ച ജിബിഎസ് തൊഴില്‍ദാതാവായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ അലിയാന്‍സ് സര്‍വീസസ് ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതിനൊപ്പം മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും അവസരമൊരുങ്ങും.

ആഗോളതലത്തില്‍ അലിയാന്‍സ് ഗ്രൂപ്പിന് സേവനങ്ങള്‍ ലഭ്യമാക്കുന്ന മികച്ച കേന്ദ്രങ്ങളിലൊന്നാണ് അലിയാന്‍സ് സര്‍വീസസിന്‍റെ ഭാഗമായ അലിയാന്‍സ് സര്‍വീസസ് ഇന്ത്യ. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്, മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നിന്നായി 4,800-ലധികം ജീവനക്കാര്‍ അലിയാന്‍സ് സര്‍വീസസിന്‍റെ ഭാഗമാണ്.

അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ കമ്പനി ഉപഭോക്താക്കളുടെ ജീവിതവും കരിയറും മെച്ചപ്പെടുന്നതിനുള്ള മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ്, ബിസിനസ് കണ്‍സള്‍ട്ടിംഗ്, ബിസിനസ് അനലിറ്റിക്സ്, ആക്ച്വറിയല്‍ സര്‍വീസസ്, ഓട്ടോമേഷന്‍, പിഎംഒ സര്‍വീസസ്, ബിസിനസ് ടെസ്റ്റിംഗ്, ഫിനാന്‍ഷ്യല്‍ ബിസിനസ് സര്‍വീസസ് തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇന്ത്യയ്ക്ക് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മൗറീഷ്യസ്, മൊറോക്കോ, പോര്‍ച്ചുഗല്‍, റൊമാനിയ, സിംഗപ്പൂര്‍, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലും അലിയാന്‍സ് സര്‍വീസസ് പ്രവര്‍ത്തിക്കുന്നുണ്ട്.

Photo Gallery

+
Content