മൂന്നു വയസ്സുകാരന്‍റെ മലാശയരോഗം താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ഭേദമാക്കി കിംസ്ഹെല്‍ത്ത്

ചികിത്സയുടെ ഏറിയ പങ്കും ആശുപത്രി വഹിച്ചു
Trivandrum / August 5, 2022

തിരുവനന്തപുരം: ജന്മനാ മലബന്ധ രോഗത്താല്‍ ബുദ്ധിമുട്ടുന്ന തമിഴ്നാട് സ്വദേശിയായ മൂന്ന് വയസ്സുകാരനെ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി കിംസ്ഹെല്‍ത്ത്. ചികിത്സകളുടെ ചെലവിന്‍റെ  ഏറിയ പങ്കും കിംസ്ഹെല്‍ത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഏറ്റെടുത്തു.

ചില കുട്ടികളില്‍ ജന്മനാ കാണപ്പെടുന്ന ഹിര്‍ഷ്സ്പ്രംഗ് രോഗം അഥവാ കണ്‍ജെനിറ്റല്‍ മെഗാകോളോണായിരുന്നു ഈ കുട്ടിക്കുണ്ടായിരുന്നത്. തുടക്കത്തില്‍ പല ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഒടുവില്‍ ശസ്ത്രക്രിയ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്ത് കിംസ്ഹെല്‍ത്തില്‍ ഈ കുട്ടിയും രക്ഷിതാക്കളും എത്തിയത്.
കിംസ്ഹെല്‍ത്തിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാര്‍ കുട്ടിയുടെ രോഗം കണ്ടുപിടിക്കുകയും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്ക് നിര്‍ദേശിക്കുകയുമായിരുന്നു. സാധാരണ ശസ്ത്രക്രിയയ്ക്ക് പകരം താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്താനാണ് കിംസ്ഹെല്‍ത്തിലെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം തീരുമാനിച്ചത്. മലാശയത്തിനകത്തെ മസിലുകളില്‍ ചില നാഡീകോശങ്ങളില്ലാത്തതിനാലാണ് ഈ രോഗാവസ്ഥയുണ്ടായതെന്ന് കണ്ടെത്തി. മലദ്വാരത്തിലൂടെ ബയോപ്സി നടത്തി രോഗ സ്ഥിരീകരണം നടത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്കു തീരുമാനിച്ചത്.
ഇടത്തരം സാമ്പത്തികാവസ്ഥയിലുള്ള കുടുംബം ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാകാത്തതിനാല്‍ ചികിത്സാചെലവ് താങ്ങാനാകാത്ത സാഹചര്യമായിരുന്നു. ഇത് ബോധ്യപ്പെട്ടതിനാല്‍ ചികിത്സാചെലവില്‍ ഏറിയ പങ്കും കിംസ്ഹെല്‍ത്ത് വഹിക്കാമെന്നറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കിംസ്ഹെല്‍ത്തിലെ പീഡിയാട്രിക് വിഭാഗത്തിലെ സര്‍ജനായ ഡോ. റെജു ജോസഫ് തോമസ് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം ഉണ്ടായ അപ്രതീക്ഷിത സ്ഥിതി മൂലം അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി കുട്ടിയെ വിധേയനാക്കി. അതിനാല്‍ പത്തു ദിവസത്തെ ആശുപത്രിവാസം കൂടി രോഗിക്ക് ആവശ്യമായി വന്നു. ഇതിനുള്ള ചെലവുകള്‍ കുടുംബത്തിന്‍റെ കണക്കുകൂട്ടലുകള്‍ക്കും പുറത്തായിരുന്നു. ഇതാണ് കിംസ്ഹെല്‍ത്ത് ഏറ്റെടുത്തത്. ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് പോയെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്ത് കുട്ടിയെ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന് ഡോ. റെജു പറഞ്ഞു. ഡോ. റെജുവിനെ കൂടാതെ ഡോ. അശ്വതി രവികുമാര്‍, പീഡിയാട്രിക് അനസ്ത്യേഷ്യോളജിസ്റ്റ് ഡോ. മാത്യു ചാക്കോ രാമച്ച എന്നിവരാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.
മൂന്നു വര്‍ഷമായി കുട്ടി അനുഭവിച്ച് വന്ന വേദനാജനകമായ അവസ്ഥയ്ക്ക് വിരാമമായതിന്‍റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍.
രണ്ട് ദശകമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കിംസ്ഹെല്‍ത്തില്‍ 18 ശിശുരോഗ സബ് സ്പെഷ്യാലിറ്റികളും ശിശുക്കള്‍ക്കായുള്ള അവയവമാറ്റ സംവിധാനവും 24 മണിക്കൂര്‍ ശിശുരോഗ അത്യാഹിത വിഭാഗവുമുണ്ട്. സംസ്ഥാനത്ത് കൊല്ലം, കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും കിംസ്ഹെല്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
 

Photo Gallery