സഹ്യ ക്രിക്കറ്റ് ലീഗ്; സൈബര്‍ പാര്‍ക്ക് ടീം വിജയികള്‍
Kozhikode / April 9, 2025
കോഴിക്കോട്: ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്കിലെ സഹ്യ ക്രിക്കറ്റ് ലീഗില്‍ സൈബര്‍ പാര്‍ക്ക് ടീം വിജയികളായി. സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഐഒകോഡ് ഇന്‍ഫോടെക്കിനെ 21 റണ്‍സിനാണ് സൈബര്‍പാര്‍ക്ക് ടീം തോല്‍പ്പിച്ചത്.
വിജയികള്‍ക്ക് ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീം മുന്‍ അംഗവും ദോഹയിലെ എം എസ് ധോണി അക്കാദമി മുന്‍ കോച്ചുമായ റസ്സലും ഗവ. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സഹ്യ ക്രിക്കറ്റ് ക്ലബും സൈബര്‍പാര്‍ക്കും സംയുക്തമായാണ് സഹ്യ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സൈബര്‍പാര്‍ക്ക് ടീം നിശ്ചിത എട്ട് ഓവറില്‍ രണ്ട് വിക്കറ്റിന് 82 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഐഒകോഡിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സൈബര്‍പാര്‍ക്ക് ടീമിലെ അരുണ്‍ കൃഷ്ണ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയി. ഐഒകോഡിലെ സാജന്‍ ബേസില്‍ ആണ് ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റര്‍. സൈബര്‍പാര്‍ക്ക് ടീമിലെ വിഷ്ണു ജി എസ് മികച്ച ബോളറായി.
ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാമ്പസ് എന്നിവിടങ്ങളില്‍ നിന്നുള്ള 18 ടീമുകളാണ് സഹ്യ ക്രിക്കറ്റ് ലീഗില്‍ മത്സരിച്ചത്. നോക്കൗട്ട് മാച്ചുകളായിട്ടായിരുന്നു മത്സരം. ഒമ്പതു പേരടങ്ങുന്ന ടീമുകളായിരുന്നു മത്സരിച്ചത്.