ഗസ്റ്റ് ഹൗസുകളുടെ വികസനം ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായകം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
പൊന്‍മുടി ഗവ. ഗസ്റ്റ് ഹൗസിലെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
Trivandrum / April 8, 2025
തിരുവനന്തപുരം: ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ് ഹൗസുകളുടെയും നവീകരണവും നിര്‍മ്മാണവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പ് പൊന്‍മുടി സര്‍ക്കാര്‍ അതിഥി മന്ദിരത്തിനായി പണികഴിപ്പിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ് ഹൗസുകളുടെയും വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, ഗുരുവായൂര്‍, പീരുമേട്, വര്‍ക്കല, സുല്‍ത്താന്‍ ബത്തേരി ആലുവ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ഗസ്റ്റ് ഹൗസുകളുടെ നവീകരണം പുരോഗമിക്കുകയാണ്. ടൂറിസം ഡെസ്റ്റിനേഷനുകളില്‍ മെച്ചപ്പെട്ട താമസസൗകര്യങ്ങള്‍ സാധ്യമാകുന്നതോടെ സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ഇത് ഗുണകരമായി പ്രതിഫലിക്കും. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല മുമ്പെങ്ങുമില്ലാത്ത വിധം ഉണര്‍വിലാണ്. സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷവും അത് തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ പൊന്‍മുടിയുടെ വികസനത്തിന് ടൂറിസം വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊന്‍മുടി യില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച താമസസൗകര്യമൊരുക്കുക എന്നത് ഉത്തരവാദിത്തമായിട്ടാണ് കാണുന്നത്. പുതിയ അതിഥി മന്ദിരത്തിന്‍റെ നിര്‍മ്മാണത്തിലൂടെ ഇത് യാഥാര്‍ഥ്യമാക്കുകയാണ് ചെയ്തത്. പുതിയ അതിഥി മന്ദിരം ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള പൊന്‍മുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസം ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഗസ്റ്റ് ഹൗസ് മന്ദിരം തുറക്കുന്നതിലൂടെ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ പൊന്‍മുടിയുടെ മുഖച്ഛായ മാറ്റാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡി.കെ മുരളി എംഎല്‍എ പറഞ്ഞു.
2590 ചതുരശ്ര മീറ്ററില്‍ നാല് നിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ ആറ് സ്യൂട്ട് മുറികള്‍ ഉള്‍പ്പെടെ 22 ശീതികരിച്ച മുറികളാണുള്ളത്. ഒരു എസി കോണ്‍ഫറന്‍സ് ഹാളും രണ്ട് എസി ഡൈനിങ് ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. ആധുനിക കിച്ചന്‍, അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് താമസിക്കാനുള്ള മുറികള്‍, വാഹന പാര്‍ക്കിംഗ് എന്നിവ ബേസ്മെന്‍റ് ഫ്ളോറിലാണ് ഒരുക്കിയിട്ടുള്ളത്.
എല്ലാ സൗകര്യങ്ങളോടും കൂടിയ പൊന്‍മുടിയിലെ പുതിയ സര്‍ക്കാര്‍ അതിഥി മന്ദിരം വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവം നല്‍കുമെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജി. കോമളം, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷിനു മടത്തറ, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.