'പെര്‍മ്യൂട്ട് 2025'; വൈജ്ഞാനിക സാങ്കേതിക മേഖലയിലെ സഹകരണത്തിനായി സായ്കും ക്യൂവേഴ്സും മ്യൂലേണുമായി ധാരണാപത്രം കൈമാറി

Trivandrum / March 29, 2025

തിരുവനന്തപുരം: വൈജ്ഞാനിക സാങ്കേതിക മേഖലയിലെ വിഭവങ്ങളുടെയും വൈദഗ്ധ്യത്തിന്‍റെയും ഫലപ്രദമായ വിനിയോഗത്തിനും കൈമാറ്റത്തിനുമായി  'പെര്‍മ്യൂട്ട് 2025' നൈപുണ്യശേഷി ഉച്ചകോടിയില്‍ രണ്ട് ധാരണാപത്രങ്ങള്‍ കൈമാറി. സൊസൈറ്റി ഓഫ് എവിജിസി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ കേരള (സായ്ക്), ക്യൂവേഴ്സ് എന്നീ സ്ഥാപനങ്ങള്‍ മ്യൂലേണുമായാണ് ഈ മേഖലയിലെ സഹകരണത്തിന് ധാരണയായത്.

വിജ്ഞാന വ്യവസായത്തില്‍ കേരളത്തെ രാജ്യത്തിന്‍റെ ഹബ് ആക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ആണ് 'പെര്‍മ്യൂട്ട് 2025' ഏകദിന ഉച്ചകോടി സംഘടിപ്പിച്ചത്. ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ക്യൂസ്വേഴ്സ് കോ-ഫൗണ്ടറും സിടിഒയുമായ പ്രശാന്ത് പ്രഭു, ക്യൂസ്വേഴ്സ് കോ-ഫൗണ്ടറും സിഇഒയുമായ ഡോ. നിതീഷ് ടി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് മ്യൂലേണ്‍ ചീഫ് വളണ്ടിയറും ഫയ എംഡിയുമായ ദീപു എസ് നാഥിന് ധാരണാപത്രം കൈമാറി.

നൈപുണ്യ വികസനം, സാങ്കേതിക പുരോഗതി, വ്യവസായ-അക്കാദമിക സഹകരണം, എവിജിസി-എക്സ്ആര്‍ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണത്തിന് സമഗ്രമായ ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് ഈ ധാരണാപത്രത്തിന്‍റെ ലക്ഷ്യം. പരസ്പര പ്രയോജനത്തിനായി അതത് മേഖലകളിലെ വൈദഗ്ധ്യം, വിഭവങ്ങള്‍, നെറ്റ് വര്‍ക്കുകള്‍ എന്നിവയുടെ ഫലപ്രദമായ വിനിയോഗം ഈ സഹകരണത്തില്‍ ഉറപ്പാക്കും.

നൈപുണ്യ വികസനം, ഹാക്കത്തോണ്‍, ഇന്‍റേണ്‍ഷിപ്പ്-കരിയര്‍ വികസന പരിപാടികള്‍, പ്രൊജക്ടുകള്‍, ഗവേഷണങ്ങള്‍, ഔട്ട് റീച്ച് പരിപാടികള്‍ തുടങ്ങിയ സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടാനും ധാരണയുണ്ട്.

അക്കാദമിയ-ഇന്‍ഡസ്ട്രി പങ്കാളിത്ത വികസനം, സാങ്കേതിക വികസനം, ഗവേഷണ-വികസനം, കുട്ടികളുടെ ഡിജിറ്റല്‍ പാസ്പോര്‍ട്ട് നടപ്പാക്കല്‍, പരിശീലന പരിപാടികള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം ലക്ഷ്യമിടുന്നതാണ് സായ്കും മ്യൂലേണുമായുള്ള ധാരണാപത്രം. ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒ ജയകുമാര്‍ പി, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ കണ്‍ട്രി ഹെഡ് ഫിലിപ്പ് തോമസ്, ടില്‍റ്റ്ലാബ്സ് ഫൗണ്ടറും സിഇഒയുമായ നിഖില്‍ ചന്ദ്രന്‍ എന്നിവര്‍ മ്യൂലേണ്‍ അംഗങ്ങള്‍ക്ക് ധാരണാപത്രം കൈമാറി.

ഭാവിയിലേക്കുള്ള ടാലന്‍റ്  ബാങ്ക് സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ അക്കാദമിക, വ്യാവസായിക, നൈപുണിശേഷി ഏജന്‍സികള്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനാണ് മ്യൂലേണ്‍ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യവസായ സംഘടനകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിക്കും.

ഐസിടി അക്കാദമിയിലെ സുരേഷ് ബാബു എല്‍, ഗൂഗിള്‍ പ്രോഗ്രാം മാനേജര്‍ ഹര്‍ഷ് ദത്താനി, സൈബര്‍ ഡോമിലെ ആനന്ദ്, ഫിഡെ ഗ്ലോബല്‍ കമ്മ്യൂണിറ്റി ഇനിഷ്യേറ്റിവ്സ് ഹെഡ് അന്‍ഷ ദീക്ഷിത്, ഇന്‍കര്‍ റോബോട്ടിക്സ് രാഹുല്‍ പി ബാലചന്ദ്രന്‍ എന്നിവര്‍ 'പെര്‍മ്യൂട്ട് 2025' ലെ പാര്‍ട്ണര്‍ അനൗണ്‍സ്മെന്‍റ് സെഷനില്‍ സംസാരിച്ചു.

ഗൂഗിള്‍, ബെക്കണ്‍, പാത്ത് വേ, ബീഗിള്‍, റിഗ്ലാബ്സ്, ടില്‍റ്റ്ലാബ്സ്, എക്സ്ട്രൂഡര്‍, കെബിഎ, ആന്‍ഡ്രോയ്സ് ഫോര്‍ എഡ്യു, കെഡിസ്ക്, അസാപ്, ഐസിഫോസ്, സൈബര്‍ഡോം, ഡിയുകെ, ഐഇഡിസി. ഫയ:80, വാധ്വാനി, ഫോസ് യുണൈറ്റഡ്, ഉദയം ഫൗണ്ടേഷന്‍ എന്നിവര്‍ 'പെര്‍മ്യൂട്ട് 2025' ന്‍റെ പാര്‍ട്ണര്‍മാരാണ്.

Photo Gallery

+
Content
+
Content