കേരളത്തെ ടാലന്‍റ് ക്യാപ്പിറ്റലാക്കുന്നതില്‍ വിജ്ഞാന മേഖല സംരംഭമായ 'മ്യൂലേണിന്' നിര്‍ണായക പങ്ക്: മുഖ്യമന്ത്രി

ജിടെക് മ്യൂലേണിന്‍റെ 'പെര്‍മ്യൂട്ട് 2025' ഉദ്ഘാടനം ചെയ്തു
Trivandrum / March 29, 2025

തിരുവനന്തപുരം: വ്യവസായ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ മ്യൂലേണിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തെ രാജ്യത്തിന്‍റെ ടാലന്‍റ് ക്യാപ്പിറ്റലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജ്ഞാന വ്യവസായത്തില്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ വികസനശേഷി ഉച്ചകോടികളിലൊന്നായ 'പെര്‍മ്യൂട്ട് 2025'  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ മേഖലയിലെ മാര്‍ഗനിര്‍ദേശകരുമായി സൗജന്യമായി സംവദിക്കുന്നതിനുള്ള വേദിയാണ് മ്യൂലേണ്‍.

ജിടെക് സംരംഭമായ മ്യൂലേണ്‍ ഈ മേഖലയിലെ നാഴികക്കല്ലാണെന്നും ഇത്തരം പദ്ധതികളിലൂടെ രൂപപ്പെടുന്ന നൂതനാശയങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ലേണിംഗ് പ്ലാറ്റ് ഫോമായ മ്യുലേണിന്‍റെ പുതിയ പതിപ്പായ മ്യൂലേണ്‍ 4.0 യുടെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.  

സംസ്ഥാനത്തെ 80 ശതമാനത്തിലധികം ഐടി പ്രൊഫഷണലുകളെയും ഉള്‍ക്കൊള്ളുന്ന 250 ലധികം ഐടി കമ്പനികളുടെ കൂട്ടായ്മയാണ് ജിടെക്.

കഴിവുകള്‍ തിരിച്ചറിയുന്നതിനും നവീകരണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും 'പെര്‍മ്യൂട്ട് 2025' ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവാക്കള്‍ക്കിടയിലെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് 2016 ല്‍ സ്റ്റാര്‍ട്ടപ്പ് നയം നടപ്പാക്കിയത്. കഴിഞ്ഞ 9 വര്‍ഷക്കാലം കൊണ്ട് 6200 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുകയും 5800 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്തു. 60,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി.

ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാകാന്‍ കേരളത്തിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളം ടോപ് പെര്‍ഫോര്‍മറായി. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്‍റ് റാങ്കിംഗില്‍ കേരളം ഏഷ്യയില്‍ ഒന്നാം സ്ഥാനത്തെത്തി. 2021-23 കാലഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ വളര്‍ച്ച ആഗോള ശരാശരിയില്‍ 46 ശതമാനം മാത്രമായിരുന്നപ്പോള്‍ കേരളത്തിന്‍റെ വളര്‍ച്ച 254 ശതമാനം ആയിരുന്നെന്നും സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടലുകളായിരുന്നു ഇനിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സേവനാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പുറമേ സംസ്ഥാനത്തെ ഉത്പാദന മേഖലയിലും വികസനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത 'പെര്‍മ്യൂട്ട് 2025' പരിപാടിയില്‍ ലഹരി രഹിത കേരളം പ്രചരണത്തിന് പ്രാധാന്യം നല്‍കിയതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.

നൈപുണ്യത്തിന്‍റെ പുതിയ മാനദണ്ഡമായ ഇരുപത് ലക്ഷം കര്‍മ്മ പോയിന്‍റ് നേടിയ സ്ഥാപനങ്ങള്‍ക്കുള്ള 'ടു മില്യണ്‍ കര്‍മ്മ പോയിന്‍റ്സ് മൈല്‍സ്റ്റോണ്' അവാര്‍ഡ് തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി കോളേജിനും പാലാ സെന്‍റ് ജോസഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി കോളേജിനും മുഖ്യമന്ത്രി സമ്മാനിച്ചു.

ടോപ്പ് 100 കോഡര്‍ അവാര്‍ഡ് എസ് ബി ഗോവിന്ദും കൃത്രിമ കാലുമായി ഏറ്റവും ഉയരത്തില്‍ നിന്നും സോളോ സ്കൈ ഡൈവ് നടത്തിയ പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ശ്യാംകുമാര്‍ എസ് എസ് എന്നിവരും മുഖ്യമന്ത്രിയില്‍ നിന്ന് ബഹുമതികള്‍ സ്വീകരിച്ചു.

ഐടി, ഐടിഇഎസ് മേഖലയുടെ ഊര്‍ജ്ജിതമായ വളര്‍ച്ചയ്ക്കായി മികച്ച കഴിവുള്ളവരെ തയ്യാറാക്കുക എന്നതാണ് 'പെര്‍മ്യൂട്ട് 2025' കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജിടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു. വ്യവസായ-അക്കാദമിക മേഖലകള്‍ തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് മ്യൂലേണ്‍ പരിശ്രമിക്കുന്നത്. ആഗോളതലത്തില്‍ കഴിഞ്ഞവര്‍ഷം സാങ്കേതിക മേഖലയുടെ വളര്‍ച്ച 5.2 ട്രില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം പത്ത് ശതമാനം വളര്‍ച്ച കൈവരിച്ച് 5.9 ട്രില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം രാജ്യത്തെ ഐടി വ്യവസായം 282 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തിച്ചേരും. അടുത്തവര്‍ഷം ഇത് 300 ബില്യണ്‍ ഡോളറിലെത്തും.

രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കുറയുന്നതും നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നും വി കെ മാത്യൂസ് അഭിപ്രായപ്പെട്ടു. മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള വേദിയായിരിക്കും മ്യൂലേണെന്നും പ്രത്യേക വ്യവസായ മേഖലകളില്‍ മാര്‍ഗ നിര്‍ദേശവും പരിശീലനവും നല്‍കി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഭകള്‍ മെച്ചപ്പെടുത്തിയെടുക്കുന്നതിനുള്ള പ്ലാറ്റ് ഫോമായി മ്യൂലേണ്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യൂലേണ്‍ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന് മ്യൂലേണ്‍ 4.0 യെ സംബന്ധിച്ചുള്ള അവതരണത്തില്‍ മ്യൂലേണ്‍ ചീഫ് വോളന്‍റിയറും ഫയ എംഡിയുമായ ദീപു എസ് നാഥ് പറഞ്ഞു. മെറ്റയുടെ ഗ്ലോബല്‍ ഹാക്കത്തോണ്‍ വിജയികളായ 200 പേരില്‍ 27 പേര്‍ മ്യൂലേണിന്‍റെ വിദ്യാര്‍ത്ഥികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍, ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍, ഗൂഗിള്‍ ഡെവലപ്പര്‍ റിലേഷന്‍സ് ഡോ. കാര്‍ത്തിക് പത്മനാഭന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, എപിജെ അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ ശിവപ്രസാദ്, എടിഎഫ്ജി, ജിടെക് കണ്‍വീനര്‍ സിന്ധു പിള്ള എന്നിവര്‍ സംസാരിച്ചു.

ഭാവിയിലേക്കുള്ള ടാലന്‍റ് ബാങ്ക് സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ അക്കാദമിക, വ്യവസായ, നൈപുണ്യ വികസന ഏജന്‍സികള്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ മ്യുലേണ്‍ ഒരുമിച്ച് കൊണ്ടുവരും. 2,000 ത്തിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ അനാവരണം ചെയ്യുന്ന എക്സ്പോയും  ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. 

Photo Gallery

+
Content
+
Content
+
Content