ലോകോത്തര വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ നിക്ഷേപകര്‍ തയ്യാര്‍- ഡോ. വിജു ജേക്കബ്

Kochi / February 22, 2025

കൊച്ചി: ലോകോത്തര വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ ഇവിടുത്തെ നിക്ഷേപകര്‍ തയ്യാറാണെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ് ചൂണ്ടിക്കാട്ടി. '2047- കേരളം മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖം പോലുള്ള വമ്പന്‍ പദ്ധതികള്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഇത്തരം വികസനപദ്ധതികളെയും വന്‍കിട സംരംഭങ്ങളെയും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി പിന്തുണയ്ക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ കടമയാണ്. ഇതിനായി സുസ്ഥിരമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ വ്യവസായലോകം പൂര്‍ണ പിന്തുണ നല്‍കുമെന്നും ഡോ. വിജു ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യവികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം വ്യാപകമായി പ്രോത്സാഹിപ്പിക്കണമെന്ന് സിഐഐ കേരള ഘടകം ചെയര്‍മാനും മഞ്ഞില ഫുഡ് ടെക് ഡയറക്ടറുമായ വിനോദ് മഞ്ഞില അഭിപ്രായപ്പെട്ടു. ഉള്‍നാടന്‍ ജലഗതാഗതം വലിയ സാധ്യതകളുള്ള മേഖലയാണ്. സ്വകാര്യ നിക്ഷേപം വരുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യവികസനത്തില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ ജപ്പാനുമായി താരതമ്യം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോണ്‍ ചൂണ്ടിക്കാട്ടി. ബഹുമുഖ ഗതാഗത സംവിധാനങ്ങള്‍ ഇവിടെ ആവശ്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം, എന്നിവയില്‍ എഐ, മെഷീന്‍ ലേണിംഗ് പോലുള്ള ആധുനിക സാങ്കേതികവിദ്യ സമന്വയിപ്പിക്കണം. പാഠ്യവിഷയങ്ങളിലടക്കം ഭാവിയുടെ സാങ്കേതിവിദ്യ മുന്നില്‍ കണ്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയില്‍ നിന്ന് തിരികെയെത്താനുള്ള കേരളത്തിന്‍റെ കഴിവാണ് ഏറ്റവും വലിയ നിക്ഷേപമെന്ന് ധനകാര്യ അഡി. ചീഫ്സെക്രട്ടറി എ ജയതിലക് പറഞ്ഞു. സാങ്കേതികമേഖലയിലാണ് കേരളം ഏറ്റവുമധികം നിക്ഷേപം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യവികസനം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. മെട്രോ, ലൈറ്റ് മെട്രോ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രി, വിദ്യാലയങ്ങള്‍, പൊതു ഇടങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം ചേര്‍ന്ന സമഗ്രമായ കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍ ചര്‍ച്ചയില്‍ മോഡറേറ്റായി. 

Photo Gallery

+
Content