ജീവിക്കാനും ജോലി ചെയ്യാനും കേരളം മികച്ചയിടം: വി.കെ. മാത്യൂസ്
Kochi / February 22, 2025
കൊച്ചി: മികച്ച രീതിയില്‍ ജീവിക്കാനും ജോലിയെടുക്കാനും സാധിക്കുന്ന സ്ഥലമാണ് കേരളമെന്ന് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച തൊഴില്‍ നൈപുണ്യ ശേഷി , അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവയാണ് കേരളത്തെ മികച്ചതാക്കി മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്റ്റേറ്റ് ഓഫ് ദി ഐടി ഇന്‍ഡസ്ട്രി' എന്ന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ഉന്നതാധികാര ഐടി കമ്മിറ്റി അംഗം കൂടിയാണ്.
പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് മികച്ച അവസരമുണ്ടെന്നും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ സാധ്യതകളാണതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളം 13 മടങ്ങ് വളര്‍ന്നു. കേരളത്തിലേക്കെത്തുന്ന കമ്പനികള്‍ക്ക് ഇത്തരം ഘടകങ്ങള്‍ അനുയോജ്യമാണ്. നന്നായി ജീവിക്കാന്‍ കഴിയുന്നിടത്ത് നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പ്രധാന ഘടകമാണ്. ഐടി മേഖലയില്‍ ഇതിന്‍റെ പ്രതിഫലനമുണ്ട്. നൂതന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും സേവനങ്ങള്‍ നല്‍കാനും കഴിഞ്ഞിട്ടുള്ള 80 ശതമാനം ഐടി കമ്പനികളും ചെറുകിട സ്ഥാപനങ്ങളാണ്.
ബിസിനസ് മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഐബിഎസ് നിലവില്‍ 60 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.
ലോകമെമ്പാടും മാറ്റത്തിന്‍റെ കാറ്റ് വീശുന്നുണ്ട്. ഭൂരാഷ്ട്രീയ മാറ്റങ്ങള്‍, തെറ്റായ വിവരങ്ങളുടെ വ്യാപനം, സാമൂഹിക ധ്രുവീകരണം തുടങ്ങിയവയ്ക്കൊപ്പം സാങ്കേതികവിദ്യയുടെ സ്വാധീനം, ജനസംഖ്യയിലെ വ്യതിയാനം തുടങ്ങിയവ ബിസിനസുകള്‍ക്ക് വിലങ്ങുതടി ആകാറുണ്ട്. വരും വര്‍ഷങ്ങളില്‍ ബിസിനസ് മേഖലയില്‍ ഇന്ത്യയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അടുത്ത ദശകം ഇന്ത്യയുടേതാണോ എന്ന് ചോദ്യത്തിന് മക്കിന്‍സി ആന്‍ഡ് കമ്പനി സിഇഒ ബോബ് സ്റ്റെര്‍ണ്‍ഫെല്‍സ് പറഞ്ഞത് 'ഇത് ഇന്ത്യയുടെ ദശകമല്ല പകരം ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് 'അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വി കെ. മാത്യൂസിന്‍റെ മുഖ്യപ്രഭാഷണത്തിന് ശേഷമുള്ള പാനല്‍ ചര്‍ച്ചയില്‍ ബ്ലാക്ക്സ്റ്റോണ്‍ പ്രൈവറ്റ് ഇക്വിറ്റിയുടെ സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ മുകേഷ് മേത്ത ഇന്ത്യയെയും കേരളത്തെയും കുറിച്ച് സമാന ചിന്തയാണ് പങ്കുവെച്ചത്. മെഡിക്കല്‍ ടൂറിസം പോലുള്ള മേഖലകള്‍ കേരളത്തിന് വലിയ സാധ്യതയാണ് തുറന്നു തരുന്നത്. യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ട് കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്ന കേരളത്തിലെ സംരംഭകര്‍ക്കുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുള്ള ഒരാളാണ് താനെന്ന് സണ്‍ടെക്കിന്‍റെ സ്ഥാപകനും സിഇഒയുമായ നന്ദകുമാര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിന് അവധിയെടുക്കാന്‍ അനുവദിക്കുന്ന കെല്‍ട്രോണിന്‍റെ നയമാണ് തന്‍റെ വിജയത്തില്‍് നിര്‍ണായകമായതെന്നും് അദ്ദേഹം പറഞ്ഞു.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്ത് ടെക് കമ്പനികളെ അഭിവൃദ്ധിപ്പെടുത്തുന്നതിലാണ് സര്‍ക്കാറിന്‍റെ ശ്രദ്ധയെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു. ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ടെക് പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോഷ് ഗ്ലോബല്‍ സോഫ്റ്റ് വെയര്‍ ടെക്നോളജീസിലെ നവോദ് നെരോത്ത് മോഹനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസസിലെ റിച്ചാര്‍ഡ് ആന്‍റണി മോഡറേറ്റര്‍ ആയിരുന്നു.
'ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ ഇന്‍ഡസ്ട്രി ഗ്രോത്ത്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ സ്ഥാപിച്ച വിവിധ ടെക് പാര്‍ക്കുകള്‍ വഴി ഐടി മേഖലയ്ക്ക് നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ച് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുറുന്തില്‍ വിശദീകരിച്ചു.
ഐബിഎം കോര്‍ സോഫ്റ്റ് വെയര്‍ പ്രോഡക്ട്സിന്‍റെ സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് ആന്‍റ് ഡിആര്‍ഇ വൈസ് പ്രസിഡന്‍റ് ശ്രീപ്രിയ ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണം നടത്തി, ഇംപാക്ടിവിലെ ജോസഫ് കോറ, അലയന്‍സ് ടെക്നോളജിയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേധാവി വിനയ് ഡാവെയര്‍, എഡബ്ല്യുഎസിലെ പാര്‍ട്ണര്‍ സക്സസ് മേധാവി ഭാസ്കര്‍ ജോഷി, ഇന്‍ഫോസിസിലെ കമ്പ്യൂട്ടര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്‍റുമായ വിജയേന്ദ്ര പുരോഹിത് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
Photo Gallery