'ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2024' പുരസ്ക്കാരം വി കെ മാത്യൂസിന്
വ്യവസായമന്ത്രി പി രാജീവ് 23 ന് കൊച്ചിയില്‍ പുരസ്ക്കാരം സമര്‍പ്പിക്കും
Kochi / February 20, 2025
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് (എസ്എഫ്ബിസികെ) കേരളയുടെ പതിനാറാമത് എസ്എഫ്ബിസികെ 'ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2024' പുരസ്ക്കാരം ഐബിഎസ് സോഫ്റ്റ് വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസിന്. ഫെബ്രുവരി 23 ന് കൊച്ചി ഹോളീഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് വി കെ മാത്യൂസിന് പുരസ്ക്കാരം സമര്‍പ്പിക്കും.
ആഗോള ട്രാവല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് വ്യവസായലോകത്ത് രാജ്യത്തിന് അഭിമാനാര്‍ഹമായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനിയായി ഐബിഎസിനെ വളര്‍ത്തിയെടുത്തതിലുള്ള സ്തുത്യര്‍ഹമായ പങ്കിനുള്ള അംഗീകാരമായാണ് പുരസ്ക്കാരമെന്ന് എസ്എഫ്ബിസികെ സമിതി വിലയിരുത്തി. സംസ്ഥാനസര്‍ക്കാരിന്‍റെ 2024 ലെ കേരളശ്രീ പുരസ്കാര ജേതാവ് കൂടിയാണ് വി കെ മാത്യൂസ്.
എന്‍ജിനീയറിംഗ് രംഗത്തെ തുടക്കക്കാരായ 55 പ്രൊഫഷണലുകളുമായി 1997 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഐബിഎസ് ഇന്ന് ലോക ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര കമ്പനിയായി മാറി. ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനുകള്‍, തിരക്കേറിയ എയര്‍പോര്‍ട്ടുകള്‍, വന്‍കിട എണ്ണ-വാതക കമ്പനികള്‍, മുന്‍നിര ക്രൂസ് ഷിപ്പുകള്‍, ലോകോത്തര ഹോട്ടലുകള്‍ എന്നിവ ഐബിഎസിന്‍റെ ഉപഭോക്താക്കളാണ്. 35 രാജ്യങ്ങളിലെ 60 നഗരങ്ങളിലായി 42 വ്യത്യസ്ത പൗരത്വമുള്ള 5,000 ലധികം പ്രൊഫഷണലുകള്‍ ഐബിഎസില്‍ ജോലി ചെയ്യുന്നുണ്ട്.
നിലവില്‍ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്) ചെയര്‍മാനായ വി കെ മാത്യൂസ്സിഐഐ കേരള ഘടകം ചെയര്‍മാന്‍, നാസ്കോം എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Photo Gallery
