ഈ വര്‍ഷം ഒന്നരലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ലക്ഷ്യം: പി രാജീവ് ഇന്നോവേച്വര്‍ ഗ്ലോബലിന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈ വര്‍ഷം ഒന്നരലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ലക്ഷ്യം: പി രാജീവ് ഇന്നോവേച്വര്‍ ഗ്ലോബലിന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്തു
Kochi / July 23, 2022

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഫേസിലെ ട്രാന്‍സ് ഏഷ്യന്‍ സൈബര്‍ പാര്‍ക്കില്‍ ഐടി കമ്പനിയായ ഇന്നോവേച്വര്‍ ഗ്ലോബലിന്‍റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
    ജപ്പാന്‍ കേന്ദ്രീകരിച്ച് സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നടത്തുന്ന കമ്പനിയാണ് 2005 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്നോവേച്വര്‍ ഗ്ലോബല്‍. ജിജോ എം എസ്, ടിബി കുരുവിള, രവീന്ദ്രനാഥ് എ വി എന്നിവര്‍ ചേര്‍ന്നാണ് ഇത് ആരംഭിച്ചത്. 500 ജീവനക്കാരുള്ള ഈ കമ്പനി 2019 ല്‍ ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഫേസില്‍ 20,000 ചതുരശ്രഅടി സ്ഥലം എടുത്തിരുന്നു. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതിനും പരിശീലനത്തിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമാണ് 19-ാം നിലയില്‍ 20,000 ചതുരശ്ര അടി സ്ഥലം കൂടി എടുക്കുന്നത്. 2025 ില്‍ 2000 ലധികം ജീവനക്കാരെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.


    നടപ്പു സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ 42,300 എംഎസ്എംഇ കള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഈ നിരക്ക് തുടര്‍ന്നാല്‍ വര്‍ഷം ഒന്നര ലക്ഷം എംഎസ്എംഇകളാകും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശത്തിനും അറബിക്കടലിന്‍റെ തീരദേശ സംരക്ഷണമേഖലയുടെയും ഇടയിലുള്ള ചെറിയ സ്ഥലം മാത്രമാണ് വ്യവസായങ്ങള്‍ക്കായി ലഭിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ചെറിയ സ്ഥലത്ത് ചെയ്യാവുന്ന വ്യവസായങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കി വരുന്നത്. 10 ഏക്കര്‍ സ്ഥലത്ത് ഐടി-ഐടി ഇതര വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാരിന്‍റെ വ്യവസായ നഗരത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 3 കോടി രൂപ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭിക്കും.
    ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. 50 കോടി രൂപ വരെ നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാം. അതിനു ശേഷം ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് എടുത്താല്‍ മതിയാകും. 50 കോടിയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും. 
വ്യവസായങ്ങള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു. ഇതിലെ തീരുമാനങ്ങള്‍ എല്ലാ വകുപ്പുകള്‍ക്കും ബാധകമാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടാക്കാനുള്ള സംവിധാവും ഇതിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
    ലോകത്തെ ഡിജിറ്റല്‍ വാണിജ്യം 2030 ആകുമ്പോഴേക്കും 4 ലക്ഷം കോടി ഡോളറിന്‍റേതാകുമെന്ന് കേരള ഐടി പാര്‍ക്ക്സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. ഇത് ഉപയോഗപ്പെടുത്താനുള്ള പരിശ്രമമാണ് ഇന്നോവേച്വര്‍ അടക്കമുള്ള ഐടി വ്യവസായങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
    ഐടി വ്യവസായത്തില്‍ കേരളം മാതൃകയാണെന്ന് ഇന്നോവേച്വറിന്‍റെ ഗ്ലോബല്‍ സിഇഒ ജിജോ എം എസ് ചൂണ്ടിക്കാട്ടി. ടെക്നോപാര്‍ക്കിന്‍റെ തുടക്ക കാലത്ത് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ തങ്ങളുടെ വിജയത്തില്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ജപ്പാനിലെ വാണിജ്യ ബന്ധങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വലിയ മേല്‍ക്കൈയാണ് ഇന്നോവെച്വറിനു നല്‍കിയത്. ഗവേഷണവും നൂതനത്വവുമാണ് കമ്പനിയുടെ കൈമുതല്‍. ഗുണമേന്മയില്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ ബന്ധങ്ങള്‍ക്ക് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
    ഇന്നോവേച്വര്‍ ഇന്ത്യ സിഇഒ രവീന്ദ്രനാഥ് എ വി, ഡയറക്ടര്‍ ടിബി കുരുവിള, നാസ്കോം റീജിയണല്‍ ഹെഡ് സുജിത് ഉണ്ണി, ഇന്‍ജാക് സെക്രട്ടറി ജേക്കബ് കോവൂര്‍, ജപ്പാനിലെ ഇന്നോവേച്വര്‍പ്രതിനിധി അകിര ഫുറുസാവ, ട്രാന്‍സ് ഏഷ്യ ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് മാത്യു ചെറിയാന്‍, ഇന്നോവേച്വര്‍ മാനേജര്‍ എ എം അനൂഷ് കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
 

Photo Gallery

+
Content
+
Content
+
Content