ഗവ. സൈബര്‍പാര്‍ക്കില്‍ സഹ്യഫിറ്റ്നെസ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു

Kozhikode / February 18, 2025

കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കില്‍ സഹ്യ ഫിറ്റ്നെസ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ കൂട്ടായ്മയാണ് സഹ്യ ഫിറ്റ്നെസ് ക്ലബ് ആരംഭിച്ചത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു.

മണിക്കൂറുകളോളം ഒരേ ഇരുപ്പില്‍ ജോലി ചെയ്യുന്ന സാഹചര്യമാണ് ഒട്ടുമിക്ക ഐടി കമ്പനികളിലുമുള്ളത്. ഇതിനാല്‍ ആരോഗ്യശ്രദ്ധ നല്‍കുന്നതില്‍ പലരും പിന്നാക്കമാണ്. ഇതില്‍ നിന്നുള്ള മാറ്റമാണ് സഹ്യ ഫിറ്റ്നസ് ക്ലബിലൂടെ ഉദ്ദേശിക്കുന്നത്.

വൈകീട്ട് ആറര മുതല്‍ ഏഴരവരെ ദൈനംദിനമുള്ള ശാരീരിക വ്യായാമങ്ങളാണ് ക്ലബില്‍ ഉണ്ടാകുന്നത്. വാം അപ്പ്, ബോഡിവെയ്റ്റ് വര്‍ക്കൗട്ടുകള്‍, പേശീബലം വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങള്‍ എന്നിവയാണ് നടത്തുന്നത്. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ഏതാനും പ്രൊഫഷണലുകള്‍ തന്നെയാണ് പരിശീലകര്‍. തികച്ചും സൗജന്യമായാകും ഈ സേവനം.

ജീവനക്കാരുടെ ആരോഗ്യമാനസിക ഉല്ലാസ പ്രവര്‍ത്തനങ്ങളില്‍ സൈബര്‍പാര്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ സൈബര്‍ സ്പോര്‍ട്സ് അരീന ഉദ്ഘാടനം ചെയ്തു. 1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ് ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയിലുള്ളത്.

കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍, സൈബര്‍പാര്‍ക്ക് എച് ആര്‍ മാനേജര്‍ അനുശ്രീ, തുടങ്ങിയവര്‍ സംബന്ധിച്ചു.
 

 

Photo Gallery

+
Content
+
Content
+
Content
+
Content