ഇന്‍വസ്റ്റ് കേരളയില്‍ വാനോളം പ്രതീക്ഷയുമായി ഭാവിയുടെ സാങ്കേതികവിദ്യാ മേഖല
Kochi / February 17, 2025
കൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍(ഐകെജിഎസ്) ഭാവിയുടെ വ്യവസായമെന്നറിയപ്പെടുന്ന എഐ-റോബോട്ടിക്സ് അടക്കമുള്ള മേഖല ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സംസ്ഥാന വ്യവസായനയത്തില്‍ 22 മുന്‍ഗണനാ വിഷയങ്ങളില്‍ ഇടംപിടിച്ചതിനാല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ ഈ മേഖലയില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ജൂലായ്-ആഗസ്റ്റ് മാസങ്ങളില്‍ കൊച്ചിയില്‍ നടത്തിയ ജെന്‍ എഐ-റോബോട്ടിക്സ് ഉച്ചകോടികള്‍ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചവയാണ്. ജെന്‍ എഐ കോണ്‍ക്ലേവിന് ശേഷമാണ് ഐബിഎം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മികവിന്‍റെ കേന്ദ്രമടക്കം ആരംഭിച്ചത്. തുടക്കത്തില്‍ 300 പേരെ ജോലിക്കെടുക്കാനായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇന്നത് 1500 നടുത്തെത്തിയിരിക്കുന്നു. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളടക്കമുള്ള ആവാസവ്യവസ്ഥയെ വളരെ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്.
റോബോട്ടിക്സ് ഉച്ചകോടിയ്ക്ക് ശേഷം ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉണ്ടായ വര്‍ധിച്ച ആത്മവിശ്വാസം ദൃശ്യമാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍ വരാനൊരുങ്ങുകയാണ്. മുന്‍ഗണനാ മേഖലയിലായതിനാല്‍ സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ നിക്ഷേപകര്‍ക്കും ആത്മവിശ്വാസം പകരും. വന്‍കിട നിക്ഷേപക സമൂഹത്തിനൊപ്പം ധനശേഷിയുള്ള പ്രവാസി നിക്ഷേപകരെക്കൂടി കണക്കിലെടുത്തു കൊണ്ടാകണം ജെന്‍ എഐ-റോബോട്ടിക്സ് മേഖല മുന്നോട്ടു വരേണ്ടതെന്നു കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐടി മേഖലയും കേരളത്തിന്‍റെ അവസരങ്ങളും, വ്യവസായവളര്‍ച്ചയ്ക്കാവശ്യമായ ഐടി അടിസ്ഥാന സൗകര്യങ്ങള്‍, ഇനോവേറ്റിംഗ് ഫ്യൂച്ചര്‍ ട്രാന്‍സ്ഫോമിംഗ് ഇലക്ട്രോണിക്സ് സിസ്റ്റംസ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഭാവിയുടെ പ്രതിഭകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഗോള വിദഗ്ധര്‍ ഉച്ചകോടിയില്‍ പാനല്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ജെന്‍ എഐ, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, എല്‍എല്‍എം തുടങ്ങിയ മേഖലകളില്‍ പ്രതീക്ഷ നല്‍കുന്ന നിരവധി സംരംഭങ്ങള്‍ ഇന്ന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗ്യാരണ്ടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 21, 22 വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലിലെ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഇന്‍വസ്റ്റ് കേരള ഉച്ചകോടി നടക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 25 പ്രത്യേക സെഷനുകള്‍, ആറ് രാജ്യങ്ങളുടെ സഹകരണം, 2500 പ്രതിനിധികള്‍, നൂറിലധികം പ്രദര്‍ശനങ്ങള്‍, കരകൗശല-പരമ്പരാഗത വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവ ദ്വിദിന ഉച്ചകോടിയില്‍ നടക്കും.