സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ മുന്നേറ്റത്തിന് അവസരമൊരുക്കാന്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി

ഫെബ്രുവരി 21-22 ന് കൊച്ചിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ച് പ്രത്യേക സെഷനുകള്‍
Trivandrum / February 16, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി' (ഐകെജിഎസ് 2025) കൂടുതല്‍ കരുത്ത് പകരും.

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന മികച്ച നിക്ഷേപങ്ങളും പിന്തുണയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക സെഷന്‍ ഉച്ചകോടിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാരിന്‍റെ പുതിയ വ്യവസായ നയത്തിലെ സുപ്രധാന മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഉച്ചകോടി കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നടക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ് (കെഎസ്ഐഡിസി) ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഐകെജിഎസ് 2025 ഉദ്ഘാടനം ചെയ്യും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.

ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. സുസ്ഥിര സാങ്കേതികവിദ്യകള്‍, തന്ത്രപ്രധാന വ്യവസായങ്ങള്‍, ആരോഗ്യമേഖലയിലെ നവീകരണം, ഫിന്‍ടെക്, ടൂറിസം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളില്‍ ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കും.

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ചും ഭാവിയിലേയ്ക്ക് ഉതകുന്ന തൊഴില്‍ നൈപുണ്യമുമുള്ളവരെ കണ്ടെത്തുന്നത് സംബന്ധിച്ചും നടക്കുന്ന പാനല്‍ സെഷനുകള്‍ ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണമാണ്.

ഇത്തരം ചര്‍ച്ചകള്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ കരുത്ത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും നിക്ഷേപ സാധ്യതകള്‍ ആകര്‍ഷിക്കുന്നതിനുമുള്ള വഴികള്‍ തുറക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഉയര്‍ന്നുവരുന്ന പ്രവണതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് അക്കാദമിക് വിദഗ്ധരും വ്യവസായ പങ്കാളികളും തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കിടും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'നര്‍ച്ചറിംഗ് ദ ഫ്യൂച്ചര്‍ ഓഫ് സ്റ്റാര്‍ട്ടപ്പ്സ് ആന്‍ഡ് ഇന്നൊവേഷന്‍' എന്ന വിഷയത്തില്‍ ഉദ്ഘാടന ദിവസം സെഷന്‍ നടക്കും. 'ഫ്യൂച്ചര്‍ ഓഫ് ടാലന്‍റ് 'എന്ന വിഷയത്തില്‍ മറ്റൊരു സെഷനുമുണ്ടാകും.

ഐകെജിഎസ് 2025 ന് മുന്നോടിയായി 22 മുന്‍ഗണനാ മേഖലകളെ ലക്ഷ്യമാക്കി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വ്യവസായ പങ്കാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്.

Photo Gallery