നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു
കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിക്ക് 2025 ലെ നിശാഗന്ധി പുരസ്കാരം മന്ത്രി വീണാ ജോര്‍ജ് സമ്മാനിച്ചു
Trivandrum / February 14, 2025
തിരുവനന്തപുരം: ടൂറിസം വകുപ്പിന്‍റെ 2025 ലെ നിശാഗന്ധി നൃത്തോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നില്‍ അരങ്ങുണര്‍ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപുരധ്വനികള്‍ തീര്‍ക്കും.
നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം ആരോഗ്യ, വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു.
വൈവിധ്യങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരത്തിന് നിശാഗന്ധി നൃത്തോത്സവം വേദിയൊരുക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കല പരിപോഷിപ്പിക്കുമ്പോള്‍ നന്‍മയെ തന്നെയാണ് വളര്‍ത്തുന്നത്. കലയിലൂടെയുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ സമൂഹ നന്‍മയ്ക്ക് ആവശ്യമാണ്. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. കലയിലൂടെ ഈ വൈവിധ്യത്തിന്‍റെ ആഘോഷമാണ് നിശാഗന്ധി നൃത്തോത്സവം സാധ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത കഥക് കലാകാരന്‍ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിക്ക് മന്ത്രി സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജയ്പൂര്‍ ഘരാനയില്‍ പരിശീലനം നേടിയ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി കഥക് അവതരണത്തിലെ നൂതന ശൈലിയിലൂടെ ശ്രദ്ധേയനായ കലാകാരനാണ്.
ചടങ്ങില്‍ എ.എ റഹിം എംപി അധ്യക്ഷത വഹിച്ചു.
പുതിയ ടൂറിസം പദ്ധതികള്‍ക്കൊപ്പം കലകളിലൂടെയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് നിശാഗന്ധി ഫെസ്റ്റിവെലിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേരളീയ, ഇന്ത്യന്‍ കലകളെ വിദേശ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നിശാഗന്ധി നൃത്തോത്സവം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുമാര്‍, നര്‍ത്തകി രാജശ്രീ വാര്യര്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി എന്നിവര്‍ പങ്കെടുത്തു.
നൃത്തോത്സവത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന നിശാഗന്ധി കഥകളി മേളയ്ക്കും കനകക്കുന്നില്‍ തുടക്കമായി. എല്ലാ ദിവസവും വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തിനകത്തെ വേദിയിലാണ് കഥകളി നടക്കുക.
ഉദ്ഘാടന ചടങ്ങിനു ശേഷം പാര്‍ശ്വനാഥ് എസ് ഉപാധ്യായ, ആദിത്യ പി വി എന്നിവരുടെ ഭരതനാട്യവും പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിച്ച കഥകും അരങ്ങേറി. ഫെബ്രുവരി 20 വരെയാണ് നൃത്തോത്സവം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ കലാകാരന്‍മാര്‍ നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഭാഗമാകും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഇന്ന് (ഫെബ്രുവരി 15) ബിദ്യ ദാസ്, ലക്കി പ്രജ്ന പ്രതിഷിത മൊഹന്തി എന്നിവരുടെ ഒഡീസി, അമൃത ലാഹിരിയുടെ കുച്ചിപ്പുടി, ഡോ. മേതില്‍ ദേവികയുടെയും സംഘത്തിന്‍റെയും മോഹിനിയാട്ടം എന്നിവ അരങ്ങേറും. നാളെ (ഫെബ്രുവരി 16) സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടം, വിദ്യ സുബ്രഹ്മണ്യന്‍റെ ഭരതനാട്യം, വൈജയന്തി കാശി, പ്രതീക്ഷ കാശി എന്നിവരുടെ കുച്ചിപ്പുടി. 17 ന് ലക്ഷ്മി രഘുനാഥിന്‍റെ കുച്ചിപ്പുടി, ഡോ. ജാനകി രംഗരാജന്‍റെ ഭരതനാട്യം, ഹരി, ചേതന എന്നിവരുടെ കഥക്. 18 ന് അമൃത ജയകൃഷ്ണന്‍റെ ഭരതനാട്യം, അനിത ശര്‍മയുടെ സത്രിയ, ശ്രീലക്ഷ്മി ഗോവര്‍ധനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. 19 ന് ഐശ്വര്യ മീനാക്ഷിയുടെ കുച്ചിപ്പുടി, സുജാത മോഹപത്രയുടെ ഒഡീസി, മീര ദാസിന്‍റെയും സംഘത്തിന്‍റെയും ഒഡീസി, സുനിത വിമലിന്‍റെ ഭരതനാട്യം. 20 ന് അര്‍ജുന്‍ സുബ്രഹ്മണ്യന്‍റെ ഭരതനാട്യം, ഡോ. നീനാ പ്രസാദിന്‍റെ മോഹിനിയാട്ടം, തിങ്കം ഭോജന്‍ കുമാര്‍ സിംഹയുടെയും സംഘത്തിന്‍റെയും മണിപ്പൂരി, പ്രിയ ആകോട്ടിന്‍റെ ഭരതനാട്യം എന്നിവ നടക്കും.
കഥകളി മേളയുടെ ആദ്യ ദിവസം ബാലിവധം കഥ അരങ്ങേറി. 15 ന് കല്യാണസൗഗന്ധികം, 16 ന് ബകവധം, 17 ന് നളചരിതം രണ്ടാം ദിവസം, 18 ന് കംസവധം, 19 ന് ഉത്തരാസ്വയംവരം, 20 ന് രുക്മാംഗദചരിതം എന്നിവയാണ് അവതരിപ്പിക്കുന്നത്.